കൊച്ചി: എസ് ഹരീഷിന്റെ ‘മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്‌കാരമെന്നും ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍പോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമര്‍ശിച്ച നോവലിന് പുരസ്‌കാരം നല്‍കിയത് പ്രതികാര ബുദ്ധിയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇത്രയധികം അപകീര്‍ത്തികരമായ പരാമര്‍ശമുള്ള നോവല്‍ നമ്മുടെ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ ആക്ഷേപിച്ച അതേ പ്രതികാരമനോഭാവമാണ് ഇപ്പോഴും. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണിത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരും.

‘മീശ’ നോവലിനെതിരേ ഹിന്ദു സമൂഹം ഒന്നാകെ രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ വെല്ലുവിളിക്കുക അവരുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിക്കുയെന്നത് പതിവ് പരിപാടിയായി മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.