വാഷിംഗ്ടണ്‍ : മെക്‌സിക്കന്‍ കുടിയേറ്റ ക്യാമ്പിലെത്തി കുട്ടികളെ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദം. സന്ദര്‍ശന വേളയില്‍ ധരിച്ച ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് അമേരിക്കന്‍ പ്രഥമവനിതയെ വിവാദത്തിലാക്കിയിരിക്കുന്നത്. ‘ഞാനത് കാര്യമാക്കുന്നില്ല,നിങ്ങളോ’ എന്നാണ് മെലാനിയ ധരിച്ച ജാക്കറ്റിന്റെ പിന്നില്‍ എഴുതിയിരുന്നത്.
അമേരിക്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കോക്കാരുടെ മക്കളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച് ആശ്രിതകേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറന്‍സ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ട്രംപ് പിന്‍വലിച്ചത്. ഇതിനു പിന്നാലെയാണ് ആശ്രിതകേന്ദ്രത്തിലെ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കുട്ടികളോട് സംസാരിക്കാനുമായി മെലാനിയ ട്രംപ് ടെക്‌സാസിലെത്തിയത്. എന്നാല്‍, യാത്രാസമയത്ത് മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന്റെ പിന്നിലെഴുതിയിരുന്ന വാചകങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ എതിര്‍പ്പിന് വഴിവെക്കുകയായിരുന്നു.
ആശ്രിതകേന്ദ്രത്തിലെ കുട്ടികളെ കാണാനും അവരെ മാതാപിതാക്കളുടെയടുത്തേക്ക് തിരികെയെത്തിക്കുന്നതിനും എന്ത് സഹായമാണ് ചെയ്യാനാവുക എന്ന് ചര്‍ച്ച ചെയ്യാനാണ് അവിടേക്ക് പോയതെന്ന് മെലാനിയ പറയുന്നു. കുട്ടികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ അവിടെയുണ്ടോ എന്ന് കണ്ടറിയുകയും ലക്ഷ്യമായിരുന്നു. എന്നാല്‍, യാത്രാസമയത്ത് ധരിക്കാന്‍ ആ ജാക്കറ്റ് തന്നെ വേണമായിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. മാധ്യമങ്ങള്‍ക്ക് മെലാനിയയുടെ വസ്ത്രധാരണത്തിലും സ്‌റ്റൈലിലും പ്രത്യേക ശ്രദ്ധയുണ്ടെന്നിരിക്കെ ഇത്തരമൊരു ജാക്കറ്റ് ഈയവസരത്തില്‍ തിരഞ്ഞെടുത്തത് മനപ്പൂര്‍മാണെന്നാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ പിന്നാലെയെത്തിയ ട്രംപിന്റെ വിശദീകരണം സംഭവം ഏറെ വഷളാക്കി. വ്യാജവാര്‍ത്തകള്‍ ചമച്ചുവിടുന്ന മാധ്യമങ്ങളെയാണ് ജാക്കറ്റിലെ വാചകം ഉന്നം വെച്ചതെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ആ ജാക്കറ്റിലെ സന്ദേശങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലെന്ന് മെലാനിയയുടെ വക്താവ് പ്രതികരിച്ചു. ടെക്‌സാസിലേക്കുള്ള സുപ്രധാന യാത്രയെ കുറിച്ചല്ലാതെ മെലാനിയയുടെ വാര്‍ഡ്രോബിനെക്കുറിച്ച് മാധ്യമങ്ങള്‍ തലപുകയ്ക്കുന്നതെന്തിനാണെന്ന് അറിയില്ലെന്നും മെലാനിയയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.