ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഷിയാ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാനാണ് നീക്കം. നിര്‍ദ്ദിഷ്ട ഭേദഗതി ബില്ലില്‍ ഷിയാ തീര്‍ത്ഥാടന കേന്ദ്രങ്ങളായ സിറിയ, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ഹജ്ജ് നയം എന്നത് സിയാറത്ത് എന്നു പേരുമാറ്റാനാണ് നീക്കം. ബി.ജെ.പിയുമായും, പ്രധാനമന്ത്രി മോദിയുമായും അടുപ്പം സൂക്ഷിക്കുന്ന ഷിയാ വിഭാഗത്തെ പാര്‍ട്ടിയോടൊപ്പം ഉറപ്പിച്ചു നിര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാറിനെതിരായ പ്രധാന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനുമായുള്ള ആസൂത്രിത നീക്കമായാണ് ഇതിനെ കാണുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സബ്‌സിഡി നേരത്തെ മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതേ സമയം ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇത്തരത്തിലൊരു നീക്കമില്ലെന്നുമാണ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര ന്യൂനപക്ഷ വികസന മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ പ്രതികരണം.