X

മെസിയുടെ മാജിക് ഫ്രീക്കിക്കില്‍ ബാഴ്‌സ; അത്‌ലറ്റിക്കോ നിഷ്പ്രഭമായി

മാഡ്രിഡ്: ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗാ കിരീടത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ടു വെച്ചു. കിരീട പോരാട്ടത്തിന് ബാഴ്‌സയുടെ വലിയ വെല്ലുവിളി ആയി കരുതപ്പെട്ട അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ബാഴ്‌സയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം.
നൗകാമ്പില്‍ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഗോളാണ് ബാഴ്‌സയുടെ രക്ഷക്കെത്തിയത്. ആദ്യ പകുതിയുടെ 26-ാം മിനിറ്റില്‍ ലയണല്‍ മെസ്സി ലക്ഷ്യത്തില്‍ എത്തിച്ച ഫ്രീകിക്കാണ് കളിയുടെ വിധി എഴുതിയത്. മെസ്സിയുടെ പ്രൊഫഷണല്‍ കരിയറിലെ 600-ാംം ഗോളായിരുന്നു ഇത്. അര്‍ജന്റീനയ്ക്കും ബാഴ്‌സയ്ക്കുമായാണ് മെസ്സി 600 ഗോളുകള്‍ നേടിയത്.

ജയത്തോടെ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം എട്ടായി വര്‍ധിപ്പിച്ചു. 27 മത്സരങ്ങളില്‍ നിന്നായി ബാഴ്‌സയ്ക്ക് 69 പോയന്റുണ്ട്.

രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 61 പോയന്റാണുള്ളത്. 54 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാമത്. മറ്റൊരു മത്സരത്തില്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഗെറ്റാഫെയെ 3-1ന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി. ഇരു പകുതികളിലുമായി റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ ഗാരെത് ബെയ്ല്‍ റയലിന്റെ ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയ റൊണാള്‍ഡോ ലാ ലീഗയില്‍ 300 ഗോള്‍ എന്ന നേട്ടവും പൂര്‍ത്തിയാക്കി. ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയില്‍ പെനാല്‍റ്റി ഗോളിലൂടെ പോര്‍ട്ടിലോയാണ് നേടിയത്. ലോയിക് റെമി രണ്ടാം പകുതിയില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പെരുമായാണ് ഗെറ്റാഫെ മത്സരം പൂര്‍ത്തിയാക്കിയത്. നാച്ചോയെ ഫൗള്‍ ചെയ്തതിനാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ റെമി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്.

chandrika: