X

ബാഴ്‌സ വിടുകയാണോ?; മനസ്സ് തുറന്ന് മെസ്സി

ബാഴ്‌സ വിട്ട് പോവുന്നതില്‍ മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്ന ക്ലബ്ബ് മേധാവിയുടെ ബര്‍തോമ്യോയുടെ അഭിപ്രായപ്രകടനം മെസ്സി ബാഴ്‌സ വിടുന്നതിന്റെ സൂചനയായിട്ടാണ് പലരും കണ്ടത്. എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകായണ് മെസ്സി.
ദിവസങ്ങള്‍ക്കുശേഷമാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ ഈ വിഷയത്തെക്കുറിച്ച് തുറന്നുപറയാന്‍ മെസ്സി തയ്യാറായത്.

ക്ലബ് വിടുമെന്നോ അടുത്ത സീസണിലും ബാഴ്‌സയില്‍ തന്നെ തുടരുമെന്നോ അഭിമുഖത്തില്‍ മെസ്സി വ്യക്തമായി പറയുന്നില്ല. എന്നാല്‍ തന്റെ ഫുട്‌ബോള്‍ കരിയറിനെ കുറിച്ച് മെസ്സി വാചാലനായി. പറ്റുന്നത്ര കാലം ബാഴ്‌സയില്‍ കളിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ ശരീരം അനുവദിക്കുന്നിടത്തോളം കാലം കളിക്കണം. അതിന് കരാറൊന്നും ഒരു പ്രശ്‌നമല്ല. എന്റെ അച്ഛനാണ് കരാറിന്റെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

ബാഴ്‌സയാണ് എന്റെ വീടെന്ന് കരിയറില്‍ ഉടനീളം ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ട് മാത്രം ക്ലബുമായി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതില്‍ താത്പര്യമില്ല. ഇപ്പോള്‍ ഞാനിവിടെ സന്തുഷ്ടനാണ്. ടീമിലെ ഒരു പ്രധാന അംഗമായതില്‍ സന്തുഷ്ടനാണ്. വിജയിക്കുന്ന ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് പണവും കരാര്‍ നിബന്ധനകളൊന്നുമല്ല എല്ലാം. പ്രചോദനമേകുന്ന മറ്റു പലതുമുണ്ട്. അതില്‍ പ്രധാനം വിജയിക്കുന്ന ഒരു ടീമുണ്ടാവുക എന്നതാണ്. എവിടെയും പോകണമെന്ന ഉദ്ദേശമൊന്നും എനിക്കില്ല അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.

നെയ്മര്‍ ബാഴ്‌സയിലേയ്ക്ക് തിരിച്ചുവരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മെസ്സി പറഞ്ഞു. പിന്നെ ബാഴ്‌സയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല. ഞാന്‍ മറ്റേത് കളിക്കാരനെയും പോലെയാണ്. ബാഴ്‌സയിലേയും അര്‍ജന്റീന ടീമിലെയും കാര്യങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നതെന്ന ആരോപണങ്ങള്‍ പണ്ടേ കേട്ടുമടുത്തതാണ് മെസ്സി പറഞ്ഞു. ഇക്കുറി ബാലണ്‍ദ്യോര്‍ നേടാന്‍ എത്രമാത്രം സാധ്യതയുണ്ടെന്ന് അറിയില്ലെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി പ്രശ്‌നങ്ങളൊന്നുമില്ലന്നും മെസ്സി പറഞ്ഞു.

web desk 3: