തിരുവനന്തപുരം: മീടു ക്യാമ്പയിനില്‍ നടന്‍ മുകേഷിനെതിരായി ഉയര്‍ന്ന പീഡനപരാതിയില്‍ പ്രതികരണവുമായി നര്‍ത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക. ഭാര്യ എന്ന നിലയില്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആശങ്കപ്പെടുന്നില്ലെന്നാണ് ദേവികയുടെ പ്രതികരണം.

‘മുകേഷേട്ടനോട് വിഷയം സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം’, ദേവിക സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദേവികയുടെ വാക്കുകള്‍:

‘ആരോപണത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയില്‍ മെസേജുകള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്.

ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം, അവര്‍ ചോദിച്ചു.

വ്യക്തിപരമായി ഞാന്‍ മീ ടു ക്യാമ്പയിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇത്. എന്നാല്‍ പുരുഷന്മാര്‍ക്ക് പ്രകോപനപരമായി സന്ദേശങ്ങള്‍ അയയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെയും ഇത്തരമൊരു ക്യാമ്പയിന്‍ വേണ്ടതല്ലേ?, നര്‍ത്തകി കൂടിയായ ദേവിക ചോദിച്ചു.

ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ നടിമാരുടെയും മറ്റു സഹപ്രവര്‍ത്തകരുടെയും വെളിപ്പെടുത്തല്‍ വ്യാപകമായി ഉയര്‍ന്നെങ്കിലും ഇതാദ്യമായാണ് മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണം ഉയര്‍ന്നത്.

ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തുവന്നത്. 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് അവര്‍ ആരോപിക്കുന്നു.