മെല്‍ബണ്‍: വിരാട് കോഹ്്‌ലി ഓസ്‌ട്രേലിയയുടെ ‘നമ്പര്‍ വണ്‍ ശത്രു’ ആണെങ്കിലും ഇന്ത്യന്‍ ക്യാപ്ടനെ പ്രകോപിപ്പിക്കുന്നത് ദോഷമേ ചെയ്യൂ എന്ന് മുന്‍ ബാറ്റ്‌സ്മാന്‍ മൈക്ക് ഹസ്സി. ഇന്ത്യന്‍ പര്യടനത്തില്‍ കോഹ്്‌ലിയുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നത് അദ്ദേഹത്തെ കരുത്തനാക്കുകയേ ഉള്ളൂവെന്നും കുറഞ്ഞ റണ്ണിന് പുറത്താക്കാനുള്ള വഴി തേടുകയാണ് വേണ്ടതെന്നും ഹസ്സി പറഞ്ഞു.’കോഹ്്‌ലിയെ ചൂടാക്കുക എന്നത് നല്ല ബുദ്ധിയല്ല.

കുറഞ്ഞ റണ്‍സിന് അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടത്. പ്രകോപിതനായാല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യഥാര്‍ത്ഥ പോരാളിയാണ് കോഹ്്‌ലി. യുദ്ധമുഖത്ത് നില്‍ക്കുകയും മുന്നില്‍ നിന്ന് നയിക്കുകയുമാണ് അദ്ദേഹത്തിന്റെ രീതി…”ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കേണ്ടതില്ല. കൃത്യമായ ആസൂത്രണമാണ് അതിനു വേണ്ടത്.’ ഏഷ്യന്‍ അന്തരീക്ഷത്തില്‍ ഏറ്റവുമധികം ശരാശരിയുള്ള ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ ഹസ്സി കൂട്ടിച്ചേര്‍ത്തു.

നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയില്‍ ഓസ്‌ട്രേലിയ കളിക്കുന്നത്. ഫെബ്രുവരി 27-ന് പൂനെയിലാണ് ആദ്യ മത്സരം തുടങ്ങുക. മാര്‍ച്ച് 8 (ബംഗളുരു), മാര്‍ച്ച് 20 (റാഞ്ചി), മാര്‍ച്ച് 29 (ധര്‍മശാല) എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.