ഇന്ത്യയില്‍ തുടരുന്ന കാര്‍ഷിക പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച് യുഎസ് നിയമസഭാംഗങ്ങളുടെ ഏഴംഗ സംഘം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോക്ക് കത്തയച്ചു .

ഇന്തോ-അമേരിക്കന്‍ വംശജയായ കോണ്‍ഗ്രസ് അംഗമായ പ്രമീള ജയ് പാല്‍, യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡോണള്‍ഡ് നോര്‍ക്രോസ്, ബ്രണ്ടന്‍ എഫ് ബോയ്ല്‍, ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക്, മേരി ഗേ സ്‌കാന്‍ലോണ്‍, ഡെബി ഡിംഗല്‍, ഡേവിഡ് ട്രോണ്‍ എന്നിവരാണ് കത്തയച്ചത്. ഇന്ത്യന്‍ പ്രതിനിധികളുമായ് ചേര്‍ന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സിഖ് അമേരിക്കക്കാരില്‍ പലരുടെയും കുടുംബങ്ങള്‍ ഇന്നും പഞ്ചാബിലുണ്ട്. പലര്‍ക്കും ഇന്നും പരമ്പരാഗത സ്വത്തും സ്ഥലവും അവിടെയുണ്ട്. കൂടാതെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കക്കാരിലും ഈ വിഷയം ആശങ്ക ഉണര്‍ത്തുന്നുണ്ടെന്നാണ് പോംപിയോയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.