സൂറത്ത്: ലോക പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസനേര്‍ന്നത്.

‘നബി പിറന്ന ശുഭ ദിനത്തില്‍ എല്ലാവര്‍ക്കും എന്റെ മിലാദ് ആശംസകള്‍. അദ്ദേഹത്തിന്റെ സഹാനുഭൂതി, സമാധാനം, സഹിഷ്ണുത എന്നിവ നമ്മളിലുണ്ടാവട്ടെ’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോമനാദ് ക്ഷേത്രം സന്ദര്‍ശിച്ച് വിവാദത്തിലായ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്, തോല്‍വി മണക്കുന്ന ബി. ജെ.പിയുടെ വര്‍ഗീയ കാര്‍ഡിറക്കി പുതിയ അടവ് പ്രയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ സോമനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കിയത് ഇതിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ പറഞ്ഞു. ക്ഷേ ത്രം സന്ദര്‍ശിച്ചപ്പോള്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്റര്‍ ബുക്കിലാണ് രാഹുല്‍ ഗാന്ധി പേര് രജിസ്റ്റര്‍ ചെയ്തതെന്ന് ബി.ജെ .പി പ്രചരിപ്പിച്ചിരുന്നു. എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്‍മാരായി കാണുന്നവരാണ് യഥാര്‍ത്ഥ ഹിന്ദുക്കളെന്ന് കപില്‍ സിബല്‍ തിരിച്ചടിച്ചു.
മോദി ഹിന്ദു മതത്തെ മറക്കുകയും പകരം ഹിന്ദുത്വത്തെ സ്വീകരിക്കുകയുമാണ് ചെയ്തത്. അദ്ദേഹം ഹിന്ദുമതത്തെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദി യഥാര്‍ത്ഥ ഹിന്ദുവല്ല. മോദി ദിവസം എത്ര തവണ ക്ഷേത്രത്തില്‍ പോകാറുണ്ടെന്നും കപില്‍ സിബല്‍ ചോദിച്ചു.
ജൈന വിശ്വാസിയായ അമിത് ഷാ സ്വയം ഹിന്ദുവെന്ന് വിളിക്കുന്നതെന്തിനെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ ചോദിച്ചത്. മതത്തെ ഉപയോഗിച്ച് എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം കോണ്‍സിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ബി.ജെ. പി രംഗത്തെത്തി. യഥാര്‍ത്ഥ റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്കറിയാമെന്ന് സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം പരാമര്‍ശിച്ച് ബിജെപി വക്താവ് നരസിംഹ റാവു പറഞ്ഞു. ക്ഷേത്രത്തില്‍ ഒരു രജിസ്റ്റര്‍ ബുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലാണ് രാഹുല്‍ പേര് അതില്‍ എഴുതിയതെന്നും കോണ്‍ഗ്രസ് വിശദീകരിച്ചിരുന്നു.