ന്യഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം നവംബര്‍ നാല് മുതല്‍ 21 വയസാക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര നിയമമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു എന്ന രീതിയില്‍ ഒരു സന്ദേശം ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിശ്ചയിച്ച വിവാഹങ്ങള്‍ എത്രയും പെട്ടന്ന് നടത്തണമെന്ന അങ്കലാപ്പിലാണ് രക്ഷിതാക്കള്‍. നിയമം വരുന്നതിന് മുമ്പ് എത്രയും പെട്ടന്ന് കെട്ടിച്ചയക്കൂ എന്ന നിര്‍ദേശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഇത്തരം പ്രചാരണങ്ങളുടെ യാഥാര്‍ത്ഥ്യം

ഇത്തരമൊരു തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്തിയിട്ടില്ല എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ഈ സന്ദേശത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു തെറ്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര നിയമ മന്ത്രിയല്ല എന്നതാണ്. അദ്ദേഹം ന്യൂനപക്ഷകാര്യ മന്ത്രിയാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്. അതുകൊണ്ട് തന്നെ നവംബര്‍ നാല് മുതല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന നഖ്‌വിയുടെ പേരിലുള്ള പ്രസ്താവന ആരോ മനപ്പൂര്‍വ്വം നടത്തുന്ന വ്യാജപ്രചാരണം മാത്രമാണ്

കഴിഞ്ഞ കേന്ദ്ര ബജറ്റവതരണത്തിനിടെ ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും എന്ന് പറഞ്ഞത്. തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് ജയ ജറ്റ്‌ലി അധ്യക്ഷയായ ടാസ്‌ക് ഫോഴ്‌സിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെത് 21 വയസുമാണ്. വിദഗ്ധസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്നത്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതേസമയം വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

പല രാജ്യങ്ങളും വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറക്കുമ്പോള്‍ ഇന്ത്യ വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. യുഎസിലാണ് വിവാഹപ്രായം 21ല്‍ നിന്ന് 18 വയസാക്കി കുറച്ചത്. വിവാഹപ്രായം ഉയര്‍ത്തുന്നത് സാമൂഹിക അരാജത്വത്തിന് കാരണമാവുമെന്നും വിമര്‍ശനമുണ്ട്. 18 വയസില്‍ വോട്ടവകാശം നല്‍കുന്ന രാജ്യത്ത് വിവാഹത്തിന് പക്വതവരാന്‍ 21 വയസാവണമെന്ന് നിയമം കൊണ്ടുവരുന്നതില്‍ എന്താണ് സാംഗത്യമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.