എറണാംകുളം: നിയമസഭയില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി ഏകെ ബാലന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ രംഗത്ത്. മന്ത്രിയെ ഭരണഘടനാപദവികളില്‍ നിന്നും നീക്കും ചെയ്യാന്‍ 10ലക്ഷം ഒപ്പ് ശേഖരിക്കാന്‍ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ ക്യാംപയിന്‍ ആരംഭിച്ചു. ഒപ്പ് ശേഖരിച്ച് ഇവര്‍ മുഖ്യമന്ത്രിക്ക് കൈമാറും.

ഗോത്രമഹാസഭ, ദളിത് ആദിവാസി പൗരാവകാശ സമിതിയിലെ സംഘടനകള്‍, നവമാധ്യമകൂട്ടായ്മകള്‍, സ്ത്രീവാദ സംഘടനകള്‍ എന്നവരാണ് ക്യാപംയിന് നേതൃത്വം നല്‍കുന്നത്. ശേഖരിച്ച ഒപ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കും. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലേക്ക് സന്ദേശമയച്ചും നിവേദനം പോസ്റ്റ് ചെയ്തുമാണ് ക്യാംപെയിന്‍ നടത്തുന്നത്. കൂടാതെ ആദിവാസി – ദളിത് ഊര് കൂട്ടങ്ങളില്‍ നിന്നും കൂട്ട നിവേദനവും അയക്കുന്നതാണ്.

നിയമസഭയില്‍ കഴിഞ്ഞയാഴ്ച്ചയാണ് മന്ത്രി ആദിവാസികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും മന്ത്രി തെറ്റുതിരുത്തുന്നതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്.