തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത എയ്ഡഡ് കോളേജ് അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായപ്പോള്‍ എയ്ഡഡ് കോളേജ് അദ്ധ്യാപകരില്‍ 82% ത്തിലധികം പേര്‍ സാലറി ചലഞ്ചിനോട് സഹകരിക്കാത്തത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

90% െ്രെപവറ്റ് കോളേജദ്ധ്യാപകരും മിഡില്‍ ക്ലാസ്സ് കുടുംബങ്ങളില്‍ നിന്ന് വരുന്ന മോശമല്ലാത്ത ധനസ്ഥിതിയുള്ളവരാണ്. അവരില്‍ നിന്നുള്ള അപ്രതീക്ഷിത പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കയാണ്. ‘അററകൈക്ക് ഉപ്പു തേക്കാത്ത’ സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാത്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഒരു സാലറി ചാലഞ്ച് കൊണ്ട് അവസാനിക്കുന്നതല്ല ലോകം. ഒരഭ്യര്‍ത്ഥനയേ എന്റെ സഹപ്രവര്‍ത്തകരോടുള്ളു. തെറ്റായ തീരുമാനത്തില്‍ നിന്ന് വൈകിയെങ്കിലും പിന്തിരിഞ്ഞ് സഹജീവികളോട് കരുണ കാണിക്കാന്‍ തയ്യാറാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലാണ് മന്ത്രി രൂക്ഷമായി പ്രതികരണം നടത്തിയിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ ഹൃദയശൂന്യത.

മുക്കാല്‍ ലക്ഷം മുതല്‍ ഒന്നര ലക്ഷത്തിനു മുകളില്‍ വരെ ശമ്പളം പറ്റുന്നവരാണ് എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍. നാട് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് നീന്തിക്കയറാനുള്ള ശ്രമത്തിന് സഹായഹസ്തം നീട്ടിയവര്‍ നിരവധിയാണ്. തമിഴ്‌നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഒരു സൈക്കിള്‍ വാങ്ങാന്‍ ഒരുക്കൂട്ടിവെച്ചിരുന്ന തുക മഹാപ്രളയത്തില്‍ അകപ്പെട്ട് തേങ്ങിയ മനുഷ്യരുടെ നിലവിളിയില്‍ മനംനൊന്ത് സംഭാവന നല്‍കിയത്. അതുവായിച്ച നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ക്യാന്‍സര്‍ രോഗിയായ നിലമ്പൂരിലെ ഒരു പെണ്‍കുട്ടി തനിക്ക് ലഭിച്ച ചികില്‍സാ സഹായത്തില്‍ നിന്ന് ഒരു സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രംഗം കണ്ടുനിന്നവരില്‍ ഉണ്ടാക്കിയ വേദന ചെറുതല്ല. സാമൂഹ്യ പെന്‍ഷന്‍ ലഭിച്ച വികലാംഗര്‍, വിധവകള്‍, വയോജനങ്ങള്‍, കൂലിവേലക്കാര്‍ എന്നു വേണ്ട കുട്ടികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും കച്ചവടക്കാരും വ്യവസായികളും സാധാരണക്കാരായ പ്രവാസികളുമുള്‍പ്പടെ കേരള ഗവര്‍ണ്ണര്‍ വരെ അവരവരുടെ കഴിവിനനുസരിച്ച് ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടുവന്ന വാര്‍ത്തകള്‍ അഭിമാനത്തോടെയാണ് നാം കണ്ടതും കേട്ടതും.

പൊതുജനങ്ങളുടെ സംഭാവന മാത്രം ഇതുവരെ ഏകദേശം 1800 കോടിയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തുകയും ഏതാണ്ടത്ര തന്നെ വരും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ നല്‍കിയ എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടും പുരയിടം തന്നെ നഷ്ടമായവര്‍ക്ക് വീടും സ്ഥലവും മറ്റെല്ലാ സഹായവും സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നതും ഈ നിധിയില്‍ നിന്നാണ്. അഞ്ചു ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ തീററിപ്പോറ്റുന്നത് പൊതുജനങ്ങളാണ്. ആ പൊതുജനങ്ങള്‍ക്ക് ഒരു പ്രയാസം നേരിടുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തില്‍ നിന്ന് മൂന്നുദിവസത്തെ വേതനം പത്ത് മാസമെടുത്ത് നല്‍കാന്‍ പോലും തയ്യാറാകാത്ത ഒരുപറ്റം ജീവനക്കാരെ വിശിഷ്യാ എയ്ഡഡ് കോളേജ് അദ്ധ്യാപകരെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?

സംസ്ഥാനത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്നവരാണ് കോളേജദ്ധ്യാപകര്‍. സര്‍ക്കാര്‍ കോളേജുകളിലെ ഭൂരിഭാഗം അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ പങ്കാളികളായി തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചപ്പോള്‍ എയ്ഡഡ് കോളേജ് അദ്ധ്യാപകരില്‍ 82% ത്തിലധികം പേര്‍ ഒരു ചില്ലിപ്പൈസ പോലും തങ്ങള്‍ തരില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത് എന്നെ അത്യന്തം അല്‍ഭുതപ്പെടുത്തി. 90% െ്രെപവറ്റ് കോളേജദ്ധ്യാപകരും മിഡില്‍ ക്ലാസ്സ് കുടുംബങ്ങളില്‍ നിന്ന് വരുന്ന മോശമല്ലാത്ത ധനസ്ഥിതിയുള്ളവരാണ്. അവരില്‍ നിന്നുള്ള അപ്രതീക്ഷിത പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കയാണ്.

ഇവരുടെ രാഷ്ട്രീയമാണോ ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍? പ്രതിപക്ഷ നേതാവുള്‍പ്പടെ മുഴുവന്‍ ഡഉഎ എം.എല്‍.എമാരും അവരുടെ ഒരു മാസത്തെ ശമ്പളം (ഏകദേശം 60,000 രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ആരും മറന്നുകാണാന്‍ ഇടയില്ല. ദുരിതാശ്വാസ നിധി ദുര്‍വ്യയം ചെയ്യപ്പെടുമെന്നാണ് വാദമെങ്കില്‍ അതേറ്റവുമധികം അറിയാവുന്ന ഡഉഎ എം.എല്‍.എമാരല്ലേ ഒരു രൂപ പോലും അതിലേക്ക് കൊടുക്കാതിരിക്കേണ്ടിയിരുന്നത്? ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് പത്ത് ലക്ഷം അനുവദിച്ചതിന്റെ ഉത്തരവു ചൂണ്ടിക്കാട്ടി ഇങ്ങിനെ ചെലവഴിക്കാനാണ് ഇങഉഞഎ എന്നു വരുത്തിത്തീര്‍ക്കാന്‍ ചില വിദ്വാന്‍മാര്‍ ശ്രമിക്കുന്നത് എന്റെ ശ്രദ്ധയിലും പെട്ടു. സര്‍ക്കാര്‍ ഓരോ വര്‍ഷവും വലിയൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാറുണ്ട്. അതില്‍ നിന്നാണ് ചികില്‍സാ സഹായവും അപകട മരണം സംഭവിച്ചവര്‍ക്കുള്ള ധനസഹായവും എല്ലാം നല്‍കുന്നത്. അല്ലാതെ ജനങ്ങളില്‍ നിന്ന് പ്രത്യേകമായ ആവശ്യത്തിലേക്ക് ശേഖരിക്കുന്ന തുകയില്‍ നിന്നല്ല. ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിച്ച സര്‍ക്കാര്‍ തന്നെയാണ് മണ്ണാര്‍ക്കാട്ടു നിന്നുള്ള മുന്‍ ലീഗ് ങഘഅ കളത്തില്‍ അബ്ദുല്ലക്ക് സര്‍ജറിക്കായി ഇരുപത് ലക്ഷം രൂപ ഏതാണ്ടതേ കാലയളവില്‍ അനുവദിച്ചതെന്ന കാര്യവും ഓര്‍ക്കുന്നത് നന്നാകും. ‘അററകൈക്ക് ഉപ്പു തേക്കാത്ത’ സാമൂഹ്യ പ്രതിബദ്ധത തൊട്ടുതീണ്ടാത്ത എന്റെ ‘വര്‍ഗ്ഗ’ത്തില്‍പെടുന്ന അറുപിന്തിരിപ്പന്‍മാരെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിച്ചു കളയരുതെന്നേ എനിക്ക് പറയാനുള്ളു. ഒരു പാലമിടുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടക്കാനാണ്. ഒരു സാലറി ചാലഞ്ച് കൊണ്ട് അവസാനിക്കുന്നതല്ല ലോകം. ഒരഭ്യര്‍ത്ഥനയേ എന്റെ സഹപ്രവര്‍ത്തകരോടുള്ളു. തെറ്റായ തീരുമാനത്തില്‍ നിന്ന് വൈകിയെങ്കിലും പിന്തിരിഞ്ഞ് സഹജീവികളോട് കരുണ കാണിക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ നമ്മള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ മനസ്സ് കൊണ്ടെങ്കിലും നമ്മെ നിന്ദിക്കുകയും വെറുക്കുകയും ചെയ്യും. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച് സ്വയം അപമാനിതരാകുന്നത് എന്തിനാണ്?