ബംഗളൂരു: പിണറായി വിജയന്‍ സര്‍ക്കാറില്‍ ഘടകകകഷിയായ ജെ.ഡി.എസിന്റെ പ്രതിനിധി മാത്യു.ടി.തോമസ് രാജിവെക്കുന്നു. ചിറ്റൂര്‍ എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പാര്‍ട്ടി തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതായി ഡാനിഷ് അലി ബംഗളൂരുവില്‍ പ്രതികരിച്ചു.
സംസ്ഥാന ഭാരവാഹി യോഗം പാസാക്കിയ പ്രമേയ പ്രകാരമാണ് മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയത്. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് ഉടന്‍ കത്തു നല്‍കുമെന്നും കൂടിക്കാഴ്ചക്കു ശേഷം സി.കെ നാണു വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇരുവിഭാഗങ്ങളെയും ദേവഗൗഡ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ മാത്യു.ടി തോമസ് ചര്‍ച്ചക്ക് എത്തിയിരുന്നില്ല.