മധ്യപ്രദേശ്: പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയും മുത്തച്ഛന്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സര്‍വേഷ് സെനും(21) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും വ്യാഴാഴ്ച രാത്രി വീട്ടിനുള്ളില്‍ കടന്നു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം കേള്‍വിക്കുറവുള്ള മുത്തച്ഛന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച് പെണ്‍കുട്ടി നിലവിളിച്ചതോടെ അക്രമികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ശബ്ദംകേട്ട നാട്ടുകാര്‍ സ്ഥലത്തെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടിയുടെ അച്ഛന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. അതേസമയം അമ്മ ബന്ധുവിട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയായ സര്‍വേഷ് സെന്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത എന്ന് സംശയിക്കുന്ന പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.