വാഷിങ്ടണ്‍: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയിലെ ഷറായത് വ്യോമതാവളത്തില്‍ മിസൈലാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാന്‍ക ട്രംപിന്റെ ദു:ഖമാണെന്ന് മകന്‍ എറിക് ട്രംപിന്റെ വെളിപ്പെടുത്തല്‍. സിറിയയില്‍ 89 പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഇവാന്‍ക ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു.

സിറിയക്കെതിരെ നടപടിയെടുക്കാന്‍ സഹോദരി പിതാവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ എറിക് പറഞ്ഞു. രാസായുധ പ്രയോഗത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദാരുണ ചിത്രങ്ങള്‍ ട്രംപിനെ വല്ലാതെ വിശമിപ്പിച്ചിരുന്നുവെന്നും എറിക് വെളിപ്പെടുത്തി. കത്തിക്കരിഞ്ഞ ശരീരം തണുപ്പിക്കാന്‍ കുട്ടികള്‍ ശരീരത്തില്‍ സ്വയം വെള്ളമൊഴിക്കുന്ന കാഴ്ചയാണ് ട്രംപിനെ വല്ലാതെ അസ്വസ്ഥനാക്കിയത്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള ആരെയും ഭയക്കാത്ത നേതാവാണ് ട്രംപ് എന്നും അഭിപ്രായപ്പെട്ടു. രാസായുധ പ്രയോഗത്തില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് ഏറെ വികാരാധീനനായാണ് ട്രംപ് സംസാരിച്ചിരുന്നത്. ഒരു കുഞ്ഞിനും ഇത്ര ക്രൂരമായ അന്ത്യമുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് തിരിച്ചടി നല്‍കേണ്ടത് ദേശീയ സുരക്ഷാ താല്‍പര്യത്തിന് ആവശ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നതായി എറിക് അറിയിച്ചു.
റഷ്യയുമായി ട്രംപിന് ബന്ധമില്ലെന്നാണ് എറികിന്റെ മറ്റൊരു വാദം. പിതാവിനെ അധികാരത്തിലെത്തിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഉപദേശകയായ ഇവാന്‍ക, വൈറ്റ്ഹൗസില്‍ ശമ്പളമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.