കൊല്ലം: രണ്ടു ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന്‍ ജോബിന്റെ തടവാട്ടുപറമ്പില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു മൃതദേഹം. കൈകാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. എന്നാല്‍ മൃതദേഹം കിടന്നതിനു ചുറ്റും കത്തിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ മൃതദേഹം കത്തിച്ച ശേഷം പറമ്പില്‍ കൊണ്ടിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.


സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ അമ്മ ജയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.അതേ സമയം ഒരാള്‍ കൂടി കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
തിങ്കളാഴ്ചയാണ് ജിത്തുവിനെ കാണാനില്ലെന്ന് അറിയിച്ച് രക്ഷിതാക്കള്‍ പൊലീസിനു പരാതി നല്‍കിയത്. സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ ജിത്തു തിരിച്ചുവന്നില്ലെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് പൊലീസിനെ സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിടന്ന പറമ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അമ്മ ജയയുടെ അധ്യാപകനായ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.