ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മേചുകയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ വെച്ചാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരാഴ്ച്ച മുമ്പാണ് വിമാനം കാണാതായത്.

എഎന്‍ 32 എന്ന വിമാനമാണ് ജൂണ്‍ മൂന്നിന് കാണാതായത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മലയാളിയായ അനൂപ്കുമാറടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.

ജൂണ്‍ മൂന്നിന് ഉച്ചക്ക് 12.25ന് പുറപ്പെട്ട വിമാനം 13.00 മണിയായപ്പോള്‍ ഗ്രൗണ്ട് സ്‌റ്റേഷനുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെടുകയായിരുന്നു. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം ആകെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട വിമാനത്തിനായി തിരച്ചില്‍ നടത്തി വരികയായിരുന്നു ഇന്ത്യന്‍ വ്യോമസേന.