കൊടുവള്ളി: അക്രമ രാഷ്ട്രീയവും, അഴിമതിയും, സ്വജനപക്ഷപാതവും മാത്രം അജണ്ടയാക്കി കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളജനതയെ വഞ്ചിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.കെ മുനീർ പറഞ്ഞു. കൊടുവള്ളിയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭാഗത്തു നിന്നുണ്ടായ അവഗണനയുടെ കഥകളാണ് വോട്ടർമാർക്ക് പറയാനുള്ളത്. യു.ഡി.എഫ് അധികാരത്തിലിരിക്കുമ്പോൾ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ മാത്രമാണ് ഇന്നും മണ്ഡലത്തിന് മുതൽക്കൂട്ടായിട്ടുള്ളത്.

താമരശ്ശേരി താലൂക്ക്‌, കൊടുവള്ളി ഗവ: കോളെജ്, നരിക്കുനി – പൂനൂർ റോഡ്, പടനിലം കാക്കൂർ റോഡ്, കിഴക്കോത്ത് ഹോമിയോ സിദ്ധ ഹോസ്പിറ്റൽ എന്നിവ അതിനുദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നരിക്കുനിയിലെ സ്ഥാനാർത്ഥി പര്യടനത്തിൽ സംസാരിക്കുകയായിരുന്നു എം.കെ മുനീർ. ജനഹൃദയങ്ങൾ കീഴടക്കിയ സ്ഥാനാർത്ഥി പര്യടനത്തിന് നരിക്കുനിയിലെ തടപ്പറമ്പിൽ തുടക്കമായി. ജില്ലാ മുസ് ലിം ലീഗ് ജന.സെക്രട്ടറി എം.എ റസാക്ക് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ സജീഷ് അദ്ധ്യക്ഷത വഹിച്ചു.

കൊടോളി, ഭരണിപ്പാറ, പറശ്ശേരിമുക്ക്, കൊട്ടയോട്ട് താഴം, കാരുകുളങ്ങര, നെല്യേരിതാഴം, വരിങ്ങിലോറ മല, പുത്തൻവീട്താഴം, ചെങ്ങോട്ടുപൊയിൽ, പൂളക്കോട്ട്താഴം, നെട്ടോടിതാഴം, വടേകണ്ടിതാഴം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി പര്യടനം പാലോളിതാഴത്ത് സമാപിച്ചു. വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, എം.എം വിജയകുമാർ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി സംസാരിച്ചു. ഇബ്രാഹിം മാസ്റ്റർ സ്വാഗതവും മുഹമ്മദ് തലക്കോട് നന്ദിയും പറഞ്ഞു.