Connect with us

Video Stories

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ നിയമത്തിന് ഇനി എത്രകാലം?

Published

on

ആള്‍ക്കൂട്ട അക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നാളുകളേറെയായി. ഒരു വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം കൈകാര്യം ചെയ്യാന്‍ നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കരടു നിയമമുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിന്റെ കരട് ഇനിയും തയാറായിട്ടില്ല. നടപ്പു സമ്മേളനത്തില്‍ നിയമം കൊണ്ടുവരുന്നതിന് തുടക്കം കുറിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നടപ്പുസമ്മേളനത്തില്‍ കരട് നിയമം തയാറാക്കി അവതരിപ്പിക്കാനാകില്ലെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ആള്‍ക്കൂട്ട കൊലയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് കരട് നിയമം രൂപീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയം നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മിക്കവയും ആസൂത്രിതവും സംഘടിതവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങളെക്കാള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യുന്നവയാണ് മിക്കവയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അനുദിനം വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 30 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. മിക്കവയും ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും തുടരന്വേഷണങ്ങളുണ്ടായില്ല. ഒരു ദേശീയ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ എല്ലാ ആള്‍ക്കൂട്ട കൊലപാതകങ്ങളും സമാനസ്വഭാവത്തിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളതെന്ന്് വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്ന ഇരക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭിന്നമാകുമെന്ന് മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് പശുവിന്റെ പേരിലാണ്. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നിരപരാധികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെന്നതാണ് മറ്റൊരു സമാനത. പശുക്കടത്ത് മാത്രമല്ല, കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവര്‍ എന്ന ആരോപണവും കൊല്ലപ്പെടുന്നവര്‍ക്ക് നേരെ ഉയരുന്നു.
അപരിചിതമായി സ്ഥലത്ത് എത്തപ്പെടുന്നവര്‍, വഴി ചോദിക്കുന്നവര്‍, കറുത്ത നിറമുള്ളവര്‍, പ്രത്യേക വേഷം ധരിച്ചവര്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നു. പൊലീസുകാര്‍ നോക്കുകുത്തിയായി കൊലപാതകത്തിന് സാക്ഷി നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എണ്ണബലം പൊലീസിനില്ലെന്ന ന്യായമാണ് ഇതിന് ഉന്നയിക്കപ്പെടുന്നത്. ചിലപ്പോഴെങ്കിലും പൊലീസുകാരും കൊലപാതകികള്‍ക്കൊപ്പം കൂടുന്നുവെന്ന ആക്ഷേവുമുണ്ട്. ജാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് പേരെയാണ് ആള്‍ക്കൂട്ടം ഇവിടെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഒമ്പത് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊലപാതക സമയത്ത് പൊലീസിന്റെ സാന്നിധ്യം ജാര്‍ഖണ്ഡിലുണ്ടായിരുന്നു. ത്രിപുരയിലും പൊലീസ് നോക്കിനില്‍ക്കേയാണ് ആള്‍ക്കൂട്ടം കുറ്റവിചാരണ നടത്തി നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗോസംരക്ഷണ പ്രവര്‍ത്തകര്‍ എന്ന മേല്‍വിലാസത്തിലായിരുന്നു മിക്ക കൊലപാതകങ്ങളും.
അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണക്ക് വിധേയമാക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ആള്‍ക്കൂട്ട വിചാരണയും നിഷ്ഠൂരമര്‍ദ്ദനവും നിത്യസംഭവമാകുന്നു. കൊല്ലപ്പെടുന്ന സംഭവങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കുന്ന നൂറ് കണക്കിന് ഹതഭാഗ്യരായ മനുഷ്യരുടെ കഥകള്‍ ആരുമറിയുന്നില്ല. ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി പൊലീസിന് കൈമാറുന്ന സാധാരണ മനുഷ്യര്‍ ചിലപ്പോള്‍ ജയിലില്‍ വര്‍ഷങ്ങളോളം കഴിയേണ്ടിയും വരുന്നു. പിന്നാക്ക ജനവിഭാഗങ്ങളെ ഭീതിയില്‍ നിലനിര്‍ത്തുകയെന്ന ഗൂഢ അജണ്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ട്. ഫാസിസം കരാളമായി ഗ്രസിക്കുന്നതിന് മുമ്പ് ഇറ്റലിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സൂചകങ്ങളാണെങ്കില്‍ അത്യധികം ഭയാശങ്കകളോടെ മാത്രമേ ഇന്നത്തെ ഇന്ത്യയെ നോക്കി കാണാന്‍ കഴിയൂ.
ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത് ദളിതനായ അമ്പത്തെട്ട്് വയസ്സുള്ള ഹീരാലാല്‍ ബന്‍ച്ഛഡയാണ്. മയിലിനെ കടത്തിയെന്ന പേരിലാണ് മധ്യപ്രദേശിലെ നീമച് ജില്ലയില്‍ ആള്‍കൂട്ടം ഹീരാലാലിനെ കൊലപെടുത്തിയത്. ന്യൂനപക്ഷങ്ങളും ദളിതുകളും ഭീതിദമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ദുസ്ഥിതി പിന്നാക്ക ജനവിഭാഗങ്ങളുടെ സ്വച്ഛജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അവര്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവരുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഈയിടെ നടത്തിയ അഭിപ്രായ പ്രകടനം മതേതര വിശ്വാസികളില്‍ കടുത്ത നിരാശ സൃഷ്ടിക്കുന്നതായിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നഖ്‌വിയുടെ പ്രസ്താവനയില്‍ വ്യക്തമാണ്. ”വിഭജന സമയത്ത് മുസ്‌ലിംകള്‍ പാക്കിസ്താനിലേക്ക് പോയിരുന്നുവെങ്കില്‍ ഈ ശിക്ഷകളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. പോകാതിരുന്നവര്‍ ഇന്ത്യ അവരുടെ സ്വന്തം രാജ്യമെന്ന് കരുതി. ഇപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടുന്നു. അവര്‍ അത് സഹിക്കണം’. മന്ത്രിസഭയിലുള്ള മുസ്‌ലിം നാമധാരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യാവകാശം ഭാവിയില്‍ ഉണ്ടാകില്ലെന്ന പരോക്ഷ സൂചന നഖ്‌വിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത് ശ്രദ്ധേയമാകുന്നത്. വളരെ കരുതലോടെ മതേതര സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ നിയമം ശിക്ഷയായി മാറുന്ന ദുസ്ഥിതിയായിരിക്കും സംജാതമാകുക.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending