നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ‘മോദി കെയര്‍’ ഏറ്റെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പദ്ധതിക്കെതിരെ ആദ്യം രംഗത്തെത്തുന്ന മുഖ്യമന്ത്രിയും മമതയാണ് . ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലിയാണ് അഞ്ചു ലക്ഷം മുതല്‍ ഒരു കോടി വരെ അനുവദിക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്.
കൃഷ്ണനഗറില്‍ നടന്ന പൊതു യോഗത്തിലാണ് പശ്ചിമ ബംഗാളില്‍ ‘മോദി കെയര്‍’ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മമത പ്രഖ്യാപിച്ചത്.
മോദി കെയര്‍ പദ്ധതിക്ക് നാല്‍പത് ശതമാനം ഫണ്ട് സംസ്ഥാനങ്ങള്‍ നല്‍കണം. എന്തിനാണ് ഒരു സംസ്ഥാനം അതിന്റെ ഫണ്ടുകള്‍ മറ്റൊരു തരത്തില്‍ വിനിയോഗിക്കുന്നത്. സ്വന്തമായ പദ്ധതികള്‍ തന്നെ ഒരുപാട് ഉള്ളപ്പോള്‍ വിശേഷിച്ചും മമത ചോദിച്ചു.

ബംഗാളിലെ സാധാരണക്കാര്‍ക്ക് ആശുപത്രി പ്രവേശനവും പ്രാഥമിക ചികിത്സയും ഇപ്പോള്‍ തന്നെ സൗജന്യമാണ്. പിന്നെന്തിനാണ് പ്രത്യേക പരിപാടികള്‍. സംസ്ഥാനത്തിന്റെ സ്വസ്ഥ സ്വാതി പദ്ധതി നിലവില്‍ അമ്പത് ലക്ഷത്തിലേറെ പേര്‍ക്ക് ആശ്വാസം പകരുന്നുണ്ടെന്നും മമത പറഞ്ഞു.