മലയാലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. അതിനിടെ പേരുകൊണ്ട് വ്യത്യസ്ത നിറഞ്ഞ കുറേയധികം സ്ഥാനാര്‍ത്ഥികളെ നമ്മള്‍ ഇതിനോടകം തന്നെ കണ്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് ഇതുപോലെ വ്യത്യസ്ത നിറഞ്ഞതാണ്. മലയാലപ്പുഴ ഡിവിഷനിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മോദി എന്നാണ്. എന്നാല്‍ ഇദ്ദേഹം ബിജെപിയുടെ സ്ഥാനാര്‍ത്ഥിയല്ല, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ്.

അതേസമയം, സമസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകള്‍ കയറി നടത്തുന്ന പ്രചാരണം കുറച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ പ്രധാനമായും പ്രധാന്യം നല്‍കുന്നത്.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8,10,14 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16 ന് ഫലപ്രഖ്യാപനം ഉണ്ടാകും.ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്, വയനാട് എന്നീ ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.