പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കെണിയില്‍ വീണ് മന്ത്രി എം.എം മണി. മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളതിനാലാണെന്ന് മണി പറഞ്ഞു. മണിയുടെ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ പ്രസംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

ഞാനെന്റെ ഭാര്യയെ പോലും ഉപേക്ഷിച്ചുവെന്ന് പറഞ്ഞ മോദിയോട് പുളളിയോട് ആര് പറഞ്ഞു ഭാര്യയെ ഉപേക്ഷിക്കാനെന്നാണ് മണിയുടെ ചോദ്യം. മോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പമുളളത് കൊണ്ടാണ്. പുളളിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. അതാണ് ഏറ്റവും വലിയ തട്ടിപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മ ഒരു രണ്ടായിരം രൂപയ്ക്ക് വേണ്ടി എ.ടി.എമ്മിന്റെ മുമ്പില്‍ നിന്നു. എന്നു പറഞ്ഞാലോ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി തെണ്ടിത്തരമാണ് അതിന്റെ പേര്.തട്ടിപ്പ് എന്നുപറഞ്ഞാല്‍ ഇതില്‍പ്പരം തട്ടിപ്പ് വേറെയില്ലെന്നുമൊക്കെ മണി പറയുന്നു.

നേരത്തേയും മണി വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് നടത്തിയ വണ്‍ടു ത്രീ പ്രസംഗവും 2016-ല്‍ വനിതാ പ്രിന്‍സിപ്പാലിനെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗവും വന്‍വിവാദമായിരുന്നു. പിന്നീട് മന്ത്രിയായി ചുമതലയേറ്റപ്പോഴാണ് മോദിയെ വിമര്‍ശിച്ച് കുടുങ്ങന്നത്.