ചെന്നൈ: വന്‍ മുതല്‍ മുടക്കില്‍ പാര്‍ലമെന്റ് പണിയാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. രാജ്യത്തെ പകുതിയോളം ജനം പട്ടിണിയില്‍ കഴിയുമ്പോള്‍ എന്തിനാണ് 1000 കോടി രൂപയുടെ പാര്‍ലമെന്റ് മന്ദിരം പണിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കോവിഡ് മൂലം രാജ്യത്തെ പകുതിയിലധികം ജനങ്ങളും ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് പട്ടിണിയിലാണ്.

ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് മരിച്ചുവീണത്. എന്നിട്ടും ജനങ്ങളെ സംരക്ഷിക്കാനാണ് വന്‍മതില്‍ പണിയുന്നതെന്നായിരുന്നു ഭരണാധികാരികളുടെ പ്രസ്താവന. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കാനിരിക്കെയാണ് കമല്‍ ഹാസന്‍ ആരോപണവുമായി രംഗത്തെത്തിയത്.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദുര്‍ബലമായെന്നും കമല്‍ ഹാസന്‍ പറഞ്ഞു.