ന്യൂഡല്‍ഹി: സ്വന്തം അനുയായികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കടിഞ്ഞാണിടണമെന്ന് കത്വ പീഡനക്കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിംഗ് രജാവത്. കേസില്‍ ഹാജരാവുന്നതിന് തനിക്ക് വിലക്കുണ്ടെന്നും തന്നേയും ബലാത്സംഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും വെളിപ്പെടുത്തി നേരത്തെ ദീപിക രംഗത്തെത്തിയിരുന്നു. അതിന് പിറകെയാണ് മോദിയെ വിമര്‍ശിച്ച് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക രംഗത്തെത്തിയത്.

കത്വ കേസിലും ഉന്നാവോ കേസിലും നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ നല്ലതു തന്നെയാണെന്ന് ദീപിക പറഞ്ഞു. മോദിയുടെ പരാമര്‍ശങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. നിയമം ലംഘിച്ച് രണ്ട് എംഎല്‍എമാര്‍ കത്വ കേസില്‍ ഇടപെട്ടതിന് മോദിക്ക് ഉത്തരവാദിത്തമുണ്ട്. രാജ്യത്തെ പ്രധാനമന്ത്രിയാണ് മോദിയെന്നതിനാലും ബി.ജെ.പി നേതാവാണെന്നതിനാലും ഉന്നാവോ കേസില്‍ മോദിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. തന്റെ പാര്‍ട്ടി അനുയായികളെ നിയന്ത്രിക്കാന്‍ മോദി ബാധ്യതസ്ഥനാണ്. അനുയായികളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള തെറ്റായ നടപടികളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മോദി ബാധ്യസ്ഥനാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഹാജരാവുന്നതിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും തനിക്കുണ്ടെന്ന് ദീപിക പറഞ്ഞു. ഈ സംഭവത്തോടെ എല്ലാവരും ഉണര്‍ന്നു. പിന്തുണ തനിക്ക് കരുത്ത് പകരുന്നുണ്ട്. തന്നെ മുന്നോട്ട് നയിക്കാനും പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. കേസില്‍ ആരേയും കുറ്റപ്പെടുത്തിയിട്ടില്ല. ആസിഫയുടേയും കുടുംബത്തിന്റേയും നീതിക്ക് വേണ്ടി പോരാടുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ നിയമം ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. ഒരു അഭിഭാഷകയെന്ന നിലയില്‍ ഞാനെന്റെ കര്‍ത്തവ്യമാണ് ചെയ്യുന്നത്. ഞാന്‍ ചെയ്യുന്നതെന്തൊക്കെയോ തെറ്റാണെന്ന ധാരണക്ക് പുറത്താണ് പലരും തന്നെ ടാര്‍ജറ്റ് ചെയ്യുന്നത്. വളരെ ശക്തമായ കുറ്റപത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മുമ്പ് ചില തെറ്റുകള്‍ പൊലീസിന് സംഭവിച്ചുവെങ്കിലും അതവര്‍ തിരുത്തി. ഞാന്‍ വിചാരണ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.