ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുവെ ഭാഗവതിന്റെ വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു. പത്ത് കാറാണ് അകമ്പടിയായുണ്ടായിരുന്നത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിന്‍ എന്ന കുട്ടിയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മുത്തച്ഛന് പരിക്കേറ്റു. അപകടത്തിന് കാരണമായ വാഹനം ഇതുവരെ പിടിച്ചെടുത്തിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭഗവതിന് നല്‍കുന്നത്.