തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനെ സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനുമായി സംസാരിച്ച ശേഷമാണ് മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞത്.

ചടങ്ങിനെത്തുമെന്ന് ഇരുവര്‍ക്കും ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഔദ്യോഗിക ക്ഷണം ഇന്ന് ലാലിനു കൈമാറും. അമ്മ എന്ന സംഘടനക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ ഏറെ നന്ദിയുണ്ടെന്നും ലാല്‍ വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ പകിട്ട് നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവേദനം.

മോഹന്‍ലാലിനെ പോലെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം അവാര്‍ഡ് നേടിയവരെ ചെറുതാക്കുന്ന നടപടിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിക്കാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍്ട്ടുകളുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുസരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.