കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ നല്‍കിയിരുന്ന മൊറട്ടോറിയം കാലാവധി കഴിഞ്ഞു. ഇനി വായ്പ്പാ തിരിച്ചടവ് തുടരേണ്ട സമയമാണ്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്ക് ഇക്കാലയളവിലെ പലിശയും കൂട്ടുപലിശയും മുതലിന്‍മേല്‍ ചേര്‍ത്തുള്ള ഔട്ട്സ്റ്റാന്റിംഗ് തുക ബാങ്കുകള്‍ കണക്കാക്കി.

വലിയ തുക വായ്പയെടുത്തവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ അടക്കം ഭീമമായ തിരിച്ചടവ് വന്നേക്കും. അതുകൊണ്ടുതന്നെ മുമ്പ് അടച്ചിരുന്ന ഇഎംഐ തുകയേക്കാള്‍ ഉയര്‍ന്ന ഇഎംഐ ബാക്കിയുള്ള കാലയളവില്‍ അടക്കേണ്ടതായി വരും. ചില ബാങ്കുകള്‍ വായ്പാ കാലയളവ് ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കും. ഉദാ: മൊറട്ടോറിയം ഉപയോഗപ്പെടുത്തുന്നതിന് മുമ്പ് എട്ടുശതമാനം പലിശ നിരക്കില്‍ ഔട്ട്സ്റ്റാന്റിംഗ് 20 ലക്ഷം രൂപ ഉണ്ടായിരുന്ന ഒരു ഇടപാടുകാരന്റെ ഇപ്പോഴത്തെ ഔട്ട്‌സ്റ്റാന്റിംഗ് ഏകദേശം 20.47 ലക്ഷം രൂപ വരും. 10 വര്‍ഷമാണ് വായ്പയുടെ കാലാവധി എന്നുവെക്കുക. എങ്കില്‍ ഇദ്ദേഹത്തിന്റെ ഇഎംഐ 24,835 രൂപയാകും. ഇത് മുമ്പുള്ള ഇഎംഐയെ അപേക്ഷിച്ച് 570 രൂപ അധികമായിരിക്കും. മൊറട്ടോറിയം എടുത്ത ഒരാള്‍ക്ക് ഇതുവെച്ചുനോക്കുമ്പോള്‍ ഏകദേശം 68,320 രൂപയുടെ അധിക ബാധ്യത വരും.

അതേസമയം, മൊറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രീംകോടതിയില്‍ വാദം നിലനില്‍ക്കെ ബാങ്കുകള്‍ ഈ രീതിയില്‍ ഔട്ട്‌സാറ്റാന്റിംഗ് കണക്കാക്കുന്നത് ധാര്‍മ്മികമാണോ എന്നാണ് ഇടപാടുകാരുടെ ചോദ്യം. എന്നാല്‍ ആര്‍ബിഐ ചട്ടപ്രകാരം മൊറട്ടോറിയം കാലാവധി കഴിഞ്ഞാലുള്ള നടപടികള്‍ മാത്രമാണ് ബാങ്കുകള്‍ കൈകൊണ്ടിട്ടുള്ളത് അധികൃതര്‍ പറയുന്നു. മാത്രമല്ല, ഇക്കാലയളവില്‍ വായ്പാ പലിശയില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാരന് ലഭിക്കും.

പലിശ പൂര്‍ണ്ണമായി പിന്‍വലിക്കുകയോ പലിശ നിരക്ക് കുറക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജിക്കാരുടെ വാദം. ബാങ്കുകളെ സംബന്ധിച്ച് അത് പ്രായോഗികമല്ല. ഇപ്പോള്‍ മിക്ക ബാങ്കുകളുടേയും പലിശ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നതുപോലെ മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടുകയാണെങ്കില്‍ വായ്പയെടുത്തവര്‍ നേരിടേണ്ടി വരുന്ന ബാധ്യത അതിഭീമമായിരിക്കും.

തൊഴില്‍ നഷ്ടവും കോവിഡ് പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ കിട്ടാക്കടം സംബന്ധിച്ച ആശങ്കയിലാണ് ബാങ്കുകള്‍. മൊറട്ടോറിയത്തിനു മുമ്പ് അതായത് ഫെബ്രുവരി അവസാനത്തോടെ കിട്ടാക്കടം(എന്‍പിഎ) ആയിട്ടുള്ള അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയക്കാനും തുടങ്ങിയിട്ടുണ്ട്.

മൊറട്ടോറിയം സ്വീകരിച്ച ഒരാള്‍ ഇതിനുശേഷം അടവ് മുടക്കിയാല്‍ 90 ദിവസത്തിനുശേഷം ബാങ്ക് എന്‍പിഎ നടപടികളിലേക്ക് നീങ്ങും.