മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ ഇനിയും സമാധാനം പുലര്‍ന്നിട്ടില്ല. സഖ്യസേനയുടെ വ്യോമാക്രമണത്തിലും ഐഎസിന്റെ ഒളിപ്പോരിലും ജീവന്‍ പൊലിയുന്ന സിവിലിയന്മാരുടെയും കുരുന്നുകളുടെയും എണ്ണം അനുദിനം പെരുകുകയാണ്. ഇറാഖിന്റെ തന്ത്രപ്രധാനമായ മൊസൂള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായുള്ള സൈനിക നടപടികളിലാണ് ഒട്ടേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്. ഇപ്പോഴും അക്രമ പരമ്പര തുടരുന്നു. മൊസൂളില്‍ അനുദിനമുണ്ടാകുന്ന സിവിലിയന്മാരുടെ ദാരുണ മരണത്തില്‍ യുഎന്‍ ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാത്രം കൊല്ലപ്പെട്ടത് 500 ഓളം സിവിലിയന്മാരാണ്.
ഇറാഖിലെ സിവിലിയന്മാരെ സംരക്ഷിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. മൊസൂളിലെ ആക്രമണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണം. ജീവനുകള്‍ ഓരോന്നായി പൊഴിയുകയാണ്. മരണത്തിന്റെ നിരക്ക് കുറയ്ക്കാനും കുട്ടികളുടെ ജീവനുകള്‍ സംരക്ഷിക്കാനും ഓരോരുത്തരും രംഗത്തിറങ്ങണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. സൈനിക നടപടികളിലും വ്യോമാക്രമണങ്ങളിലും മരിച്ചു വീഴുന്ന സിവിലിയന്മാരുടെ കാര്യത്തില്‍ യുഎന്‍ ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നതായി ഇറാഖിലെ മനുഷ്യാവാകാശ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ലിസി ഗ്രാന്റെ വ്യക്തമാക്കി. ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ ഒട്ടേറെ ജീവനുകള്‍ കൊഴിഞ്ഞു വീണു. ഒട്ടേറെ നാശവും സംഭവിച്ചു. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണമാണ് നടത്തുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്നു വീണും അവശിഷ്ടങ്ങളുടെ ഇടയില്‍ കുടുങ്ങിയും ഒട്ടേറെ പേര്‍ കൊല്ലപ്പെടുന്നതായി സംഘടന വ്യക്തമാക്കി. ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിലാണ് ആക്രമണം രൂക്ഷമായത്. കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ ഇടയില്‍ നിന്നു 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ജാവരി പറഞ്ഞു. കഴിഞ്ഞ ആഴ്ച 500 ഓളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടായി മൊസൂള്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയിടെ മൊസൂളില്‍ നിന്നു യുഎസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍, വീണ്ടും ഐഎസ് വിരുദ്ധ പോരാട്ടത്തിനായി യുഎസ് സൈന്യം നിലയുറപ്പിക്കുകയായിരുന്നു. മൊസൂളിന്റെ കിഴക്കന്‍ പ്രദേശവും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഭാഗികമായും ഇറാഖ് ഭരണത്തിന്റെ നിയന്ത്രണത്തിലാണ്. സൈനിക-ഐഎസ് സൈനിക നടപടികളെ തുടര്‍ന്ന് അല്‍ നൂറി മോസ്‌ക് ഉള്‍പ്പെടുന്ന പഴയ നഗരത്തില്‍ ഒട്ടേറെ സിവിലിയന്മാര്‍ കുടുങ്ങി കിടക്കുകയാണെന്നു വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് തീവ്രവാദികളുടെ ആക്രമണവും ശക്തമാണ്. ഇവരുടെ ഒളിപ്പോരില്‍ സിവിലിയന്മാരും കുട്ടികളും കൊല്ലപ്പെട്ടു. എബ്രിലിലെ ആസ്പത്രിയില്‍ ഇത്തരം ആക്രമണത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന ഒട്ടേറെ കുട്ടികളുണ്ടെന്നു മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു.
Be the first to write a comment.