കാസര്‍കോഡ്: കാസര്‍കോഡ് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി. ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമിസംഘം മീനു കൃഷ്ണ(23), മകന്‍ സായി കൃഷ്ണ(3) എന്നിവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.

ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യയാണ് മീനു. മനു രാവിലെ ജോലിക്ക് പോയ സമയത്താണ് സംഭവം. അക്രമിസംഘം എത്തിയപ്പോള്‍ മീനു മനുവിനെ ഫോണില്‍ വിളിച്ച് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സംഭാഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് കട്ടാവുകയായിരുന്നുവെന്ന് മനു പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.