കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ട. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിക്ക് കളമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി ആറു മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനം ശിക്ഷ ആറു മാസത്തേക്ക് നീട്ടി വെച്ചു എന്നതിന് തുല്യമാണ്. ഫീസ് വര്‍ധനവിന്റെ പേരില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം നേതാക്കള്‍ തുടര്‍ന്നു.
സാമൂഹ്യ നീതിയും മെറിറ്റും അട്ടിമറിച്ചു മത സംഘടനകളുടെ കത്ത് നല്‍കിയാല്‍ മാത്രമേ അഡ്മിഷന്‍ കൊടുക്കേണ്ടതുള്ളൂ എന്ന ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും ചില മാനേജ്‌മെന്റ്കള്‍ക്ക് ലഭിക്കാന്‍ ഇടയാക്കിയതും സംസ്ഥാന സര്‍ക്കാര്‍ ആണ്. ക്യാപിറ്റേഷന്‍ ഫീസിന് അവസരമൊരുക്കാനാണ് ഇത്തരം ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നുവെങ്കിലും കോടതി വഴി ഈ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയാണുണ്ടായത്. സമാനമായ സാഹചര്യമാണ് ഫീസ് വര്‍ധനവിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ചരിത്രത്തില്‍ ഇല്ലാത്ത വിധം മെറിറ്റും സാമൂഹ്യ നീതിയും അട്ടിമറിക്കുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ഫീസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകയും ആണ് ഇടത് പക്ഷ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു.

വെള്ളം കുടിപ്പിച്ച
സര്‍ക്കാരിനെതിരെ വെള്ളം നല്‍കി പ്രതിഷേധിച്ച് എം.എസ്.എഫ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ‘വെള്ളംകുടിപ്പിച്ച’ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തി എം.എസ്.എഫ്. തലസ്ഥാനത്ത് മെഡിക്കല്‍ അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിന്നവര്‍ക്കും സ്വാശ്രയത്തില്‍ നിരാശ്രയരായവര്‍ക്കും കുടിവെള്ളം നല്‍കിയാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്. ഫീസും ബാങ്ക് ഗ്യാരണ്ടിയും ഉള്‍പെടെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയില്‍ തകര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അലോട്ട്‌മെന്റ് കേന്ദ്രത്തില്‍ എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും സജീവമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമെങ്കിലും കൊടും ചൂടില്‍ വലഞ്ഞു നിന്ന രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കുടിവെള്ളവിതരണം ആശ്വാസമേകി. എം.എസ്.എഫ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നെന്ന് അവകാശപ്പെടുന്ന എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും മഷിയിട്ടുനോക്കായാല്‍ കാണാത്ത സ്ഥിതിയായെന്ന് അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോഴെല്ലാം ആദര്‍ശങ്ങള്‍ മറന്നുപോകുകയാണവര്‍. സ്വാശ്രയ മാനേജ്‌മെന്റുകളെ കയറൂരിവിട്ട സര്‍ക്കാരിന് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം മാപ്പുനല്‍കില്ലെന്നും മിസ്ഹബ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ ജമാല്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, കെ.ടി റൗഫ്, ഷഫീക്ക് വഴിമുക്ക്, അംജദ് കുരീപ്പള്ളി, ബിലാല്‍ റഷീദ്, ഹമീം മുഹമ്മദ്, എ.പി. മിസ്‌വര്‍, അഫ്‌നാസ് ചോറോട്, അന്‍സാര്‍ പെരുമാതുറ, അസ്‌ലം.കെ.എച്ച് എന്നിവര്‍ നേതൃത്വം നല്‍കി.
ബാങ്ക് ഗ്യാരണ്ടിയില്‍
ഇളവ് നല്‍കാമെന്ന് എം.ഇ.എസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കാനാകാതെ വിദ്യാര്‍ത്ഥികള്‍ നട്ടം തിരിയുമ്പോള്‍ ഇളവ് അനുവദിക്കാമെന്ന് മുസ്‌ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്). ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ തയാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു.പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ പൂര്‍ണമായി ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഒഴിവാക്കും. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അവരുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖകളും ബന്ധപ്പെട്ട മതസ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത, മുജാഹിദ്, ജമാഅത്ത് നേതൃത്വങ്ങള്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഗ്യാരണ്ടി ഒഴിവാക്കാം. സാമ്പത്തിക പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ക്ക് പുറമെയാണിത് ഹാജരാക്കേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിച്ചുപോകാനാണ് എം.ഇ.എസ് ആഗ്രഹിക്കുന്നതെന്നും ആര്‍ക്കും പഠിക്കാനുള്ള അവസരം നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യതൊഴിലാളി മക്കളുടെ ഫീസ് സര്‍ക്കാര്‍
നല്‍കണം- എസ്.ടി.യു
തിരുവനന്തപുരം: നീറ്റ് ലിസ്റ്റില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന മത്സ്യതൊഴിലാളി മക്കളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.