തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിച്ചത്.

പരാതി പിന്‍വലിക്കുന്നുവെന്ന് അറിയിച്ച് റൂറല്‍ എസ്പി നിശാന്തിനിക്ക് കത്ത് നല്‍കി. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണെന്ന് പരാതി നല്‍കിയതെന്ന് കത്തില്‍ പറയുന്നു. സംഭവത്തില്‍ നിഷാമിനെതിരെ കേസെടുത്തു. തൃശ്ശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിസാമിനെതിരെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ജയിലിനുള്ളില്‍ വച്ചും നിസാം ഭീഷണി മുഴക്കിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.തൃശ്ശൂര്‍ റൂറല്‍ എസ്പി നിശാന്തിനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. മൊഴിയെടുപ്പില്‍ നിസാമിന്റെ സഹോദരങ്ങളായ അബ്ദുള്‍ നിസാറും അബ്ദുള്‍ റസാഖും വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ഉറച്ചു നിന്നിരുന്നു.

അതേസമയം കേസില്‍ ചന്ദ്രബോസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ പ്രതിക്കു വേണ്ടി ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു എന്ന പരാതി നല്‍കുന്നതിനായിട്ടാണ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. കേസിലെ അഭിഭാഷകനെ മാറ്റരുതെന്നും അവര്‍ ആവശ്യപ്പെട്ടു.