കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പേരാമ്പ്ര സ്വദേശി മുജീബിന്റെ മരണകാരണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. മുജീബ് മരിച്ചത് നിപ്പ ബാധയേറ്റിട്ടല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചാണ് മുജീബ് മരിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മുജീബിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചികിത്സ തേടിയിട്ടുണ്ട്. മുജീബിന്റെ മരണം നിപ്പ ബാധിച്ചല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനവിരുദ്ധമാണെന്നും ഡിഎംഒ വ്യക്തമാക്കി.

നിപ്പയാണ് മരണകാരണമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെയാണ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരണവുമായി എത്തിയത്. മണിപ്പാല്‍ വൈറളോജി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ ആശങ്കപ്പെടരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.