സ്വന്തം ലേഖകന്‍
മുക്കം

വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന്‍ പി.ടി.സി.’എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ… കണ്ടില്ലേ?’ മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ ഇറയത്ത് ഉഴുത് മറിക്കുന്നതിലേക്കദ്ദേഹം നെടുവീര്‍പ്പോടെ വിരല്‍ ചൂണ്ടി. വീടിനു ചുറ്റും റോഡിലും പറമ്പിലുമെല്ലാം അപ്പോഴും ഗെയിലിനു വേണ്ടി പൊലീസുകാര്‍ കാവലിരിക്കുന്നുണ്ടായിരുന്നു. വീടിന് മുന്‍വശത്തെ റോഡും കതിര്‍ കുലകള്‍ കാറ്റിലാടുന്ന നെല്‍വയലുമെല്ലാം ഹിറ്റാച്ചി ഈര്‍ഷ്യത്തോടെ ഞെരിക്കുന്നതും ഗെയില്‍ പൈപ്പുകള്‍ കൂട്ടിയിട്ടതും നെല്‍വയല്‍ മണ്ണിട്ടു നിരത്തുന്നതുമെല്ലാം കണ്ടിരിക്കാന്‍ കെല്‍പ്പില്ലാതെ ആ സമര നായകന്‍ അങ്ങുമിങ്ങും നടക്കുകയായിരുന്നു.

ഗെയില്‍ പ്രവൃത്തി കാരശേരി ചീപ്പാന്‍ കുഴിയിലെത്തുമ്പോള്‍ പി.ടി.സിക്ക് എന്ത് സംഭവിക്കും..? എന്ന് നാട്ടുകാര്‍ ആശങ്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. മലബാറിലെ ഗെയില്‍ വിരുദ്ധ സമര ചരിത്രത്തില്‍ മായാമുദ്ര പതിഞ്ഞ പേരാളിയാണ് പി.ടി.സി എന്നറിയപ്പെടുന്ന കാരശേരി പാറ തരിപ്പയില്‍ ചെറിയ മുഹമ്മദ്. ജനവാസ മേഖലയില്‍ കൂടിയുള്ള പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ 2012-ല്‍ രൂപീകരിച്ച സമര സമിതി വൈസ് ചെയര്‍മാന്‍ പി.ടി.സിയായിരുന്നു. ചെയര്‍മാന്‍ സി.പി.എം ഏരിയ സെക്രട്ടറി ജോണി എടശ്ശേരിയും. പി.ടി.സി ഇന്നും സമരമുഖത്ത് ധ്വജവാഹകനാണ്. പക്ഷേ മനസിനൊത്ത് ശരീരം വഴങ്ങുന്നില്ല. ‘ സമരം യു.ഡി.എഫ് ഭരണത്തില്‍ വന്‍ വിജയമായിരുന്നു. ഇറക്കിയ പൈപ്പുകള്‍ എടുത്തു കൊണ്ടുപോയില്ലേ… ഇത്തരം സ്ഥലങ്ങളിലെങ്കിലും മാറ്റം പ്രതീക്ഷിച്ചതായിരുന്നു. ഇവിടെ നൂറ് നൂറ്റമ്പത് മീറ്ററിനുള്ളില്‍ എന്തൊക്കെയാണുള്ളത്? സ്‌കൂള്‍, പള്ളികള്‍, മദ്രസകള്‍, അങ്ങാടി, ജലനിധി കിണര്‍, തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍, ഇവയ്ക്കിടയിലൂടെ വാഹനയോട്ടം നിലയ്ക്കാത്ത റോഡ്, നെല്‍വയല്‍ .. . ഇതൊന്നും പരിഗണിക്കാതെയല്ലേ ഇപ്പോള്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. താമസക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുഴയോരത്തുകൂടി പദ്ധതിയിട്ടിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല, ഗെയില്‍ പറഞ്ഞത് കേള്‍ക്കണം, അതായി മാറി അവസ്ഥ. അല്ലെങ്കില്‍ പൊലീസ് നടപടി. പിന്നെയെന്തു ചെയ്യും?

ഗെയില്‍ പൈപ്പിന് മുകളില്‍ കിടന്നുറങ്ങാന്‍ ധൈര്യമുണ്ടായിട്ടല്ല, എവിടേക്ക് പോകാന്‍? -വാര്‍ധക്യവും അനാരോഗ്യവും പിടിച്ചിരുത്തിയ എഴുപത്തിനാലുകാരന്‍ ദു:ഖം പങ്കിട്ടു. 1965-മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായ പി.ടി.സി, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെല്ലാം നിറസാന്നിധ്യമാണ്. ജനതാദള്‍ (യു) ജില്ലാ കമ്മറ്റിയംഗമായ അദ്ദേഹം ഗെയില്‍ വിരുദ്ധ സമര രംഗത്തും ആത്മാര്‍ഥതയോടെ പോരാടി. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു. പക്ഷേ ഇന്നദ്ദേഹം തളര്‍ന്നിരിക്കുകയാണ്. ആവേശവും ഉന്മേഷവും കെടുത്തിയത് ഗെയില്‍ തന്നെ. പാവപ്പെട്ട കുടുംബത്തിന്റെ ആകെക്കൂടിയുള്ള സ്ഥലം പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഹിറ്റാച്ചി ഉഴുതുമറിച്ചിട്ടത് കണ്ടാണിപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിക്ക് ഗെയില്‍ എന്ത് നല്‍കുമെന്നതാലോചിച്ചാല്‍ ആര്‍ക്കാണ് പിടിച്ചു നില്‍ക്കാനാവുക?.. പി.ടി.സിയുടെ നോക്കിലും വാക്കിലും ഉത്തരം കിട്ടാത്തതും ഭരണകൂടഭീകരതയുടെ നേരെ ‘മാനിഷാദ’ ഉദ്‌ഘോഷിക്കേണ്ടതുമായ ഒട്ടേറെ വസ്തുതകള്‍ ഇതിനു പുറമെയും വായിച്ചെടുക്കാനുണ്ടായിരുന്നു.