കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍വപ്രതാപിയായ, മുഖ്യമന്ത്രിയുടെ മനഃസാക്ഷിയായ, മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങള്‍ ഞാന്‍ എടുത്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഫയലില്‍ ഒപ്പുവെച്ച ഇന്ത്യയിലെ ആദ്യത്തെ മഹാനായ ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കര്‍ എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് ധാര്‍മികതയുണ്ടോയെന്നും അഭിമാനമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇനി കാത്തിരിക്കരുതെന്നും മുഖ്യമന്ത്രിയുടെ രാജിയാണ് കേരളീയ പൊതുസമൂഹം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ല കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതും മുഖ്യമന്ത്രിയുടെ രാജിയാണ്. കോഴിക്കോട്ട് എത്തിയപ്പോള്‍ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുമായി താന്‍ സംസാരിച്ചിരുന്നു. പിണറായി ഈ പാര്‍ട്ടിയുടെ അന്തകനായി മാറിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായും മുല്ലപ്പള്ളി പറഞ്ഞു.