മുംബൈ: മുംബൈയില്‍ എന്‍ഗേജ്‌മെന്റ് പാര്‍ട്ടിക്കിടെ ഇരുപത്തിരണ്ടുകാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. യുവതിയുടെ പരാതിയില്‍ സഹര്‍ പൊലീസ് മൂന്നു പേര്‍ക്കെതിരെ അന്വേഷണം തുടങ്ങി.

ഈ മാസം എട്ടിന് സഹറിലെ ഹോട്ടലിലാണ് സംഭവം. പ്രതികളില്‍ ഒരാളുടെ വിവാഹമുറപ്പിക്കല്‍ ആഘോഷിക്കുന്നതിനു നടത്തിയ പാര്‍ട്ടിക്കിടെ മദ്യം കൊടുത്തു മയക്കി യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിരുന്നിലേക്ക് തന്നെയും മറ്റു രണ്ടു സ്ത്രീകളെയും ക്ഷണിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. രാത്രി രണ്ടു സ്ത്രീകള്‍ മടങ്ങിയതോടെ വിരുന്നു നടത്തിയ അവിനാശ് പന്‍ഗേക്കര്‍, സിശിര്‍, തേജസ് എന്നിവര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു.

വിരുന്നിനിടെ തന്നെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പറഞ്ഞത്. തുടര്‍ന്നു വീട്ടുകാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പ്രതികള്‍ മൂന്നു പേരും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.