മുബൈ: സെഞ്ച്വറി വേട്ടയുമായി വീണ്ടും ഇന്ത്യയുടെ യുവ ബാറ്റിങ് താരോദയം പൃഥി ഷാ. ആഭ്യന്തര ക്രിക്കറ്റിലെ സെഞ്ചുറി വേട്ട തുടര്‍ന്ന കൗമാരക്കാന്‍ തന്റെ ഏഴാം ടെസ്റ്റ് മത്സരത്തിനിടെ അഞ്ച് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ കരസ്തമാക്കി.

രഞ്ജിട്രോഫി മല്‍സരത്തില്‍ ആന്ധ്രപ്രദേശിനെതിരെ 64/3 എന്ന നിലയില്‍ പതറിയ മുംബൈക്ക് കരുത്തായി പൃഥിയുടെ സെഞ്ച്വറി.

കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 248 എന്ന ഭേദപ്പെട്ട നിലയിലാണ് മുംബൈ. 61ാം ഓവറില്‍ അയ്യപ്പ ഭണ്ഡാരുവിന്റെ പന്തില്‍ പുറത്താവുമ്പോള്‍ പൃഥി, 173 പന്തില്‍ 114 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ ഒരു സിക്‌സറടക്കം പതിനഞ്ച് തവണയാണ് പൃഥി പന്ത് അതിര്‍ത്തി കടത്തിയത്. 13 ഫസ്റ്റ് ക്ലാസ് ഇന്നിംങിസിലാണ് താരം തന്റെ അഞ്ചാം സെഞ്ചുറി നേടിയത്.

പതിനെട്ടുവയസിനു മുമ്പ് ഏഴ് ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ നേടിയ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡില്‍ കണ്ണുവച്ചാണ് പതിനേഴുകാരനായ പൃഥി ഷായുടെ കുതിപ്പ്.

കഴിഞ്ഞ രഞ്ജി സീസണ്‍ സെമിഫൈനലില്‍ തമിഴ്‌നാടിനെതിരായ സെഞ്ചുറിയോടെയായിരുന്നു പൃഥി ഷായുടെ അരങ്ങേറ്റം. തുടര്‍ന്ന് ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡിനു വേണ്ടിയും ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ തമിഴ്‌നാടിനെതിരേയും കഴിഞ്ഞ മത്സരത്തില്‍ ഒഡീഷക്കെതിരെയും സെഞ്ച്വറി നേടിയിരുന്നു.