ലുഖ്മാന്‍ മമ്പാട്

? യുവജന യാത്ര പാതിയിലേറെ പിന്നിട്ടിരിക്കുന്നു. ഇതുവരെയുള്ള അനുഭവം
– പ്രളയാനന്തര കേരളത്തില്‍ ഒരു ജാഥയുമായി കടന്നു വരുമ്പോള്‍ ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു. രാഷ്ട്രീയതാല്‍പര്യമില്ലാത്ത വലിയൊരു വിഭാഗം ഇവിടെയുണ്ടല്ലോ. അവരൊക്കെ എങ്ങിനെ പ്രതികരിക്കും എന്നത് ചോദ്യചിഹ്നമായിരുന്നു. പക്ഷെ, കാസര്‍ക്കോട് പിന്നിട്ടപ്പോള്‍ തന്നെ എല്ലാ സംശയവും മാറി. കണ്ണൂരിലെത്തിയപ്പോള്‍ മറ്റൊരു ആശങ്കയും നീങ്ങി. ട്രാഫിക്ക് ബ്ലോക്കുള്ള റോഡിലൂടെ ആയിരങ്ങള്‍ പദയാത്രയായി പോകുമ്പോള്‍ എന്തു സംഭവിക്കുമെന്ന മാതൃകയും മുന്നോട്ടു വെച്ചു. ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ചെറിയ ട്രാഫിക്ക് ജാം ഉണ്ടായതു പോലും ഗൗരവത്തിലെടുത്താണ് മുന്നോട്ടു പോയത്. മുസ്്‌ലിം ലീഗ്, യു.ഡി.എഫ് തുടങ്ങിയ തലമൊക്കെ വിട്ട് എല്ലാ വിഭാഗം ആളുകളും നെഞ്ചേറ്റി. യാത്രയെ വരവേല്‍ക്കാന്‍ അമ്മമാരും അമ്മൂമമാരുമൊക്കെ റോഡിലേക്ക് ഇറങ്ങിവന്നു. ഹൈന്ദവ സമൂഹം യാത്രയോട് മറയില്ലാതെ നേരിട്ട് സംവദിക്കാന്‍ എത്തിയത് മുസ്്‌ലിം ലീഗിനും അതിന്റെ യുവജന വിഭാഗത്തിനും ഉള്ള സ്വീകാര്യതയും അനുഭവിച്ചറിയുമ്പോള്‍ ഉത്തരവാദിത്വം വര്‍ധിച്ചതായി തിരിച്ചറിയുന്നു. പൊതു സമൂഹം ഏറ്റെടുത്ത യാത്ര എന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
? ക്ഷേത്ര കമ്മിറ്റിക്കാര്‍ പലയിടത്തും നേരിട്ട് എത്തി
– വര്‍ഗീയ മുക്ത ഭാരതം എന്നതാണ് യാത്ര മുന്നോട്ടു വെക്കുന്ന ഒന്നാമത്തെ പ്രമേയം. ആയിരത്താണ്ടു കാലമായി മൈത്രിയോടെ ജീവിക്കുന്ന നാട്ടില്‍ വര്‍ഗീയതയുടെ കളകള്‍ ഉണ്ടാവുമ്പോള്‍ അതിനെതിരെ ആശയപരമായ സംവേദനമാണ് പോംവഴി. ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രവുമായി ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ആധിപത്യം നേടിയത് നമുക്ക് മുമ്പിലുണ്ട്. ഭിന്നതയും അകല്‍ച്ചയും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കാലത്ത് യൂത്ത് ലീഗ് യാത്രയെ ഹൈന്ദവ, ക്രൈസ്തവ സമൂഹം പ്രത്യാശയോടെ വരവേല്‍ക്കുന്നത് സന്തോഷം പകരുന്നതാണ്.
മഞ്ചേശ്വരത്തു നിന്ന് യാത്ര തുടങ്ങും മുമ്പ് ഉദ്യാവരത്തെ മാടക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍ ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ സ്വീകരണം ശുഭ സൂചകമായിരുന്നു. ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കാന്‍ മുസ്്‌ലിം പള്ളിയിലെ ജുമുഅക്കു ശേഷം സമ്മതം ചോദിക്കുന്ന ചടങ്ങുള്ള ക്ഷേത്രമാണത്. കണ്ണൂര്‍ ജില്ലയിലെ പര്യടത്തിന് പയ്യന്നൂരില്‍ നിന്ന് തയ്യാറെടുക്കുമ്പോള്‍ സുബ്രമണ്യ ക്ഷേത്ര ഭാരവാഹികള്‍ താമസ സ്ഥലത്തെത്തിയാണ് ക്ഷണിച്ചു കൊണ്ടു പോയത്. അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രമാണ് അതെങ്കിലും ഉത്സവത്തില്‍ വിതരണം ചെയ്യുന്ന പായസത്തിനുള്ള പഞ്ചസാര മുസ്്‌ലിം തറവാട്ടില്‍ നിന്നാണ്. മൈത്രിയുടെ വര്‍ഗീയ വിരുദ്ധ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളും പള്ളികളുമെല്ലാം എന്ന സന്ദേശം ഉയര്‍ന്നുവരാന്‍ ഇതൊക്കെ സഹായകമാണല്ലോ.
? ഹൈന്ദവ സമൂഹത്തിന്റെ വരവേല്‍പ്പിനെ കുറിച്ച്
– യാത്രയെ വരവേല്‍ക്കാന്‍ കൈകൂപ്പി എത്തുന്ന അമ്മമാര്‍ക്കൊന്നും പ്രത്യേക രാഷ്ട്രീയമില്ല. ‘വര്‍ഗീയ മുക്ത ഭാരതം’ എന്ന മുദ്രാവാക്യം അവര്‍ നമ്മളില്‍ നിന്ന് കേള്‍ക്കാന്‍ കൊതിക്കുകയാണ്. ഭയം നിറയുന്ന കാലത്ത് മതിലുകള്‍ക്ക് പകരം പരസ്പരം പാലം പണിയുകയാണ് യാത്രാ ലക്ഷ്യം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ശേഷം ലോക തലത്തില്‍ വളര്‍ന്ന ഇസ്‌ലാമോഫോബിയയും മോദിയുടെ കാലത്ത് ദേശീയ തലത്തില്‍ വര്‍ധച്ച വര്‍ഗീയതയും ആള്‍കൂട്ട കൊലകളും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തലതിരിഞ്ഞ പൊലീസ് നയവുമൊക്കെ ഭയം വിതക്കുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇവിടെ വന്ന് ഇന്ത്യക്കാരുടെ സഹിഷ്ണുത ഓര്‍മ്മപ്പെടുത്തുന്ന കാലത്ത് പരസ്പര വിശ്വാസവും ആശയ വിനിമയവുമാണ് പരിഹാരം. മുസ്്‌ലിം പണ്ഡിതന്മാരും ക്രിസ്തീയ പുരോഹിതന്മാരും സാഹിത്യ സാംസ്‌കാരിക നായകരുമെല്ലാം വരവേല്‍പ്പും പ്രാര്‍ത്ഥനയുമായി യാത്രയെ ആശീര്‍വദിക്കുന്നു
? പ്രചാരണങ്ങളിലെ സൂക്ഷ്മതയും ചര്‍ച്ചയാണ്
– കൃത്യമായ ആസൂത്രണത്തോടെ നല്ലൊരു ലക്ഷ്യത്തിലേക്ക് ചിന്ത തിരിക്കാനാണല്ലോ യാത്ര. ഓരോ ജില്ലയിലും അതിനനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തത്. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയമാണ് ചര്‍ച്ചയാക്കിയത്. ജനക്ഷേമ അജണ്ടകളുമായി ആശയ സംവാദത്തിലേക്ക് ഇടതുപക്ഷം ചിന്തിക്കണമെന്നാണ് മുന്നോട്ടു വെച്ച ആയം. കൊലപാതകം ഒന്നിനും പരിഹാരമല്ലെന്നും അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരിന് അറുതി വേണമെന്നും പ്രത്യയശാസ്ത്രപരമായ സംവേദനത്തിന്റെ ബദല്‍ രാഷ്ട്രീയം സാധ്യമാണെന്നും യൂത്ത് ലീഗ് പറഞ്ഞു. അരിയില്‍ ഷുക്കൂറിന്റെ നാട്ടില്‍ കൊലകളും നിഷ്‌കാസനവും വേണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ ചോര ചിന്തരുതെന്നും പറയുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കിയെന്നാണ് അനുഭവം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ എടക്കാട്ടെ സ്വീകരണത്തിലെത്തും മുമ്പ് ക്ഷേത്രം ഭാരവാഹികള്‍ ഒന്നടങ്കം ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ച് പിന്തുണ അറിയിച്ചു. വയനാട്, തൃശ്ശൂര്‍ ജില്ലകളില്‍ പ്രളയം വലിയ നാശനഷ്ടം വരുത്തിയ മേഖലയാണ്. ഇതുവരെ നഷ്ടപരിഹാരം ഒന്നും ലഭിക്കാത്ത എത്രയോ കുടുംബങ്ങള്‍ക്കായി സര്‍ക്കാറിനോട് നീതിക്കായി ആവശ്യപ്പെട്ടു.
? ഇരകളുടെ വേദനകളോട് ഐക്യദാര്‍ഢ്യവുമായെത്തി
– പലയിടത്തും ഇരകളുടെ വേദന തൊട്ടറിയാനായി. കോരംപീടികയിലെത്തിയപ്പോള്‍ ക്ഷേത്രോത്സവം നടക്കുകയായിരുന്നു. അഞ്ഞൂറ് കൊല്ലത്തിലേറെ പഴക്കമുള്ള ആ ക്ഷേത്രം ദേശീയ പാത വികസനത്തിന്റെ പേരില്‍ ഉന്മൂലന ഭീഷണി നേരിടുകയാണെന്നും സഹായിക്കണമെന്നും അവര്‍ നിവേദനം നല്‍കി. വയല്‍കിളികളുടെ സമരത്തോടൊപ്പം നിന്ന ബി.ജെ.പി മലക്കം മറിഞ്ഞ്, കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യം അവഗണിച്ച് അലൈമെന്റെ പ്രഖ്യാപിച്ച ദിവസമാണ് യാത്ര എത്തിയത്. ക്ഷേത്രം സംരക്ഷിക്കാനും നീതി ലഭിക്കാനും മുസ്്‌ലിം ലീഗീല്‍ പ്രതീക്ഷയര്‍പ്പിച്ച് എത്തിയത് ഉത്തരവാദിത്വ ബോധം വര്‍ധിപ്പിക്കുന്നതാണ്. ദേശീയ പാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന ഒട്ടേ പ്രദേശങ്ങളിലുള്ളവര്‍ മുന്നിലെത്തി. തൃപ്രയാറില്‍ കുടിയിറക്കപ്പെടുന്ന സി.പി.എം രക്തസാക്ഷിയുടെ സഹോദരി ഉള്‍പ്പെടെയുള്ളവരുടെ നിരാഹാര സമര പന്തലിലെത്തിയ ഒരനുഭവം പറയാം. കണ്ണീരോടെ കൈകൂപ്പുന്ന മുപ്പതോളം കുടുംബങ്ങളെ ജനിച്ച മണ്ണില്‍ നിന്ന് ആട്ടിയിറക്കുന്നതിന് എതിരായ സമരം 131 ദിവസമായിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ശബ്ദമില്ലാത്ത അവഗണിക്കപ്പെട്ട അത്തരം പാവങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണ് ഈ യാത്ര.
? നായകന്‍ എന്ന നിലയില്‍
– പിതാമന്മാരായ ബാഫഖി തങ്ങളെയും പൂക്കോയ തങ്ങളെയും പതാവ് മുഹമ്മദലി ശിഹാബ് തങ്ങളെയും ജീവനക്കാളേറെ സ്‌നേഹിച്ചവരുടെ മുമ്പിലേക്ക് എത്തുമ്പോള്‍ ആ സ്‌നേഹം മനസ്സില്‍ തട്ടന്നു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും മുഹമ്മദലി ശിഹാബ് തങ്ങളെയും മക്കളെയും ഹൃദയത്തില്‍ ഏറ്റുന്ന പലരുടെയും വാത്സല്ല്യം കണ്ണു നിറച്ച എത്രയോ അനുഭവങ്ങള്‍. പ്രായം ചെന്ന മത ജാതികള്‍ക്ക് അപ്പുറം എതിരേല്‍ക്കാന്‍ എത്തിയവരുടെ മുഖത്തെ സ്‌നേഹം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതാണ്. യാത്രക്ക് ലഭിച്ച സ്വീകാര്യത വ്യക്തിപരമായ നേട്ടമല്ല. മുസ്്‌ലിം ലീഗ് മുന്നോട്ടു വെച്ച ആശയം മുസ്്‌ലിം യൂത്ത് ലീഗ് ഉയര്‍ത്തിയ മുദ്രാവാക്യം, അതാണ് യാത്രയുടെ സ്വീകാര്യതയുടെ പ്രധാന ഘടകം. പിതാവിനെ സ്‌നേഹിച്ചവരുടെ തലമുറകളിലേക്ക് പടരുന്ന ഇഷ്ടവും തൊട്ടയാനാവുന്നു എന്നതും ഭാഗ്യമാണ്. ഒന്നു കാണാനും തൊടാനും എത്തുന്നവര്‍ പിതാവിനോടുള്ള സ്‌നേഹമാണ് ചൊരിയുന്നത്. സംഘടനയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയെന്നതും മുന്നോട്ടു വെക്കുന്ന ആശയവുമാണ് പ്രധാനം. ടീം വര്‍ക്കിന്റെ വിജയമാണ് പാതിയിലേറെ പിന്നിട്ട യാത്രയുടെ ഊര്‍ജ്ജം.
? ലക്ഷ്യവും, പ്രത്യാശയും
– യുവജന സംഘടനകള്‍ മുഖ്യധാരാ വിഷയങ്ങളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നും ഒളിച്ചോടുന്ന കാലത്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ് യുവജനയാത്രയുടെ ലക്ഷ്യം. ക്ഷുഭിതയൗവനങ്ങളെ തീവ്രവാദത്തിലേക്കും അക്രമത്തിലേക്കും തളളിയിടാതെ ജനാധിപത്യത്തിലേക്കും മതേതരത്വത്തിലേക്കും തിരിച്ചു വിടുകയെന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്. 15000 വൈറ്റഗാഡ് അംഗങ്ങള്‍ പരിശീലനം പൂര്‍ത്തിയാക്കിയത് ചെറിയ കാര്യമല്ല. സോഷ്യല്‍ മീഡിയയില്‍ തലപൂഴ്ത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു വിഭാഗത്തെ സേവന സേനയായി സമര്‍പ്പിക്കാന്‍ കഴിയുന്നതും നിസ്സാരമല്ല. യാത്ര തുടങ്ങിയ ശേഷം അഞ്ചു സംസ്ഥാനങ്ങളിലേക്ക്് നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി ഈ പോരാട്ടത്തിന് ശക്തിപകരുന്നതാണ്. ആത്യന്തികമായി സഹിഷ്ണുതയുടെ ബദല്‍ രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. ശ്രീനാരായണ ഗുരു പറഞ്ഞപോലെ, വാദിക്കാനോ ജയിക്കാനോ അല്ല യുവജന യാത്ര; അറിയാനും അറിയിക്കാനുമുള്ള ഒരു തീര്‍ത്ഥാടനമാണിത്.