ഇന്നും നാളെയും കണ്ണൂരില്‍

കാഞ്ഞങ്ങാട്: സപ്തഭാഷാ ഭൂമികയായ കാസര്‍കോടിന്റെ ആശീര്‍വാദം ഏറ്റുവാങ്ങിയ യുവജന യാത്ര ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാവിലെ ഉദുമയില്‍ നിന്ന് തുടക്കം കുറിച്ച രണ്ടാം ദിന യാത്രയില്‍ നൂറുക്കണക്കിന് യുവാക്കളാണ് അണിനിരന്നത്. യാത്രയിലെയും സ്വീകരണ സമ്മേളനങ്ങളിലെയും വര്‍ദ്ധിച്ച പങ്കാളിത്തം ഹരിത രാഷ്ട്രീയത്തിന്റെ കരുത്തറിയിക്കുന്നതായിരുന്നു.
നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, കോഡിനേറ്റര്‍മാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത്, സ്ഥിരാംഗങ്ങളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, സാജിദ് നടുവണ്ണൂര്‍, അന്‍വര്‍ മുള്ളമ്പാറ, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട്, ടി.കെ നവാസ്, സി.എം അന്‍സാര്‍, അജി കൊറ്റമ്പാടം, എ ഷാജഹാന്‍, പി ബിജു, വി.എം റസാഖ് എന്നിവരാണ് ഇന്നലെ യാത്രയെ നയിച്ചത്.
കാഞ്ഞങ്ങാട് നടന്ന സമാപന മഹാസമ്മേളനത്തില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നൂറുക്കണക്കിന് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ അണിനിരന്ന പരേഡോടെയാണ് യാത്രാ നായകരെ വേദിയിലേക്ക് ആനയിച്ചത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ദേശീയ തലത്തില്‍ രൂപപ്പെടുന്ന മതേതര ഐക്യത്തിന് കരുത്ത് പകരുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ദേശീയ മതേതര മുന്നണിയെ സി.പി.എം
തുരങ്കം വെക്കുന്നു: സി.കെ സുബൈര്‍

ഉദുമ: സംഘ്പരിവാറിനെതിരെ ദേശീയ തലത്തില്‍ ഐക്യം ശക്തിപ്പെടുമ്പോള്‍ അതിനു തുരങ്കം വെക്കുന്ന വഞ്ചനാപരമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. യൂത്ത്‌ലീഗ് യുവജന യാത്രയുടെ രണ്ടാം ദിനം ഉദുമയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്ക് എതിരെ മതേതര ഐക്യം രൂപപ്പെടണമെന്ന് നിരന്തരം പ്രസ്താവന നടത്തുന്ന സി.പി.എം അതിനുള്ള പ്രായോഗിക ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ സി.പി.ഐ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടും സി.പി.എം വിട്ടു നില്‍ക്കുന്നു. ദേശീയ തലത്തില്‍ രൂപീകരിച്ച 14 യുവജന സംഘടനകളുടെ ഏകോപന സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പിന്നീട് ആ വഴി വന്നില്ല. തെലുങ്കാനയിലെ തെരഞ്ഞെടുപ്പില്‍ മതേതര സഖ്യത്തില്‍ സി.പി.എം ചേര്‍ന്നിട്ടില്ലെന്നും സി.കെ സുബൈര്‍ കുറ്റപ്പെടുത്തി.
മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഹാരിസ് തൊട്ടി പ്രസംഗിച്ചു. ദുബൈ കെ.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയും നാലാംവാദുക്കല്‍ മുസ്്‌ലിംലീഗ് കമ്മിറ്റിയും നിര്‍മ്മിച്ച ബൈത്തുറഹ്മ സമര്‍പ്പണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കല്ലിങ്കലിലെ സ്വീകരണ സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. സോളാര്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, പി ഇസ്മായില്‍, അഡ്വ.വി.കെ ഫൈസല്‍ ബാബു, എ അബ്ദുറഹ്മാന്‍, സാജിദ് മൗവ്വല്‍ പ്രസംഗിച്ചു.

ജാഥയില്‍ കേട്ടത്
. തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് മുമ്പിലും വര്‍ഗീയതക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗ് -സി.ടി അഹമ്മദലി
. ബഹുസ്വരതയും ഏകസ്വരവും തമ്മിലുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നത് -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
. മതം മനുഷ്യ നിര്‍മ്മിതമാണെന്നും മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പറയുന്ന സി.പി.എം വനിതകളെക്കൂടി ക്ഷേത്രങ്ങളിലും സുന്നിപള്ളികളിലും എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആശയ പാപ്പരത്തം- പി.കെ ഫിറോസ്
. കള്ളന്മാര്‍ക്കും രാഷ്ട്രീയനപുംസകങ്ങള്‍ക്കും മുമ്പില്‍ മുട്ടിലിഴയുന്നത് സി.പി.എമ്മിന്റെ ഗതികേടിന്റെ തെളിവ് -നജീബ് കാന്തപുരം
. സി.പി.എമ്മിന്റേത് നവോത്ഥാനത്തിന്റെ നശീകരണ രാഷ്ട്രീയമാണ്. ഇ.എം.എസ് മഴു എറിഞ്ഞുണ്ടാക്കിയതല്ല ആധുനിക കേരളം – വി.കെ ഫൈസല്‍ ബാബു
. പതിറ്റാണ്ടുകള്‍ ഭരിച്ച ത്രിപുരയില്‍ അധികാരം പോയി പ്രതിമകള്‍ തച്ചുടച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആശ്വാസവുമായി അവിടെ പോയത് പിണറായി വിജയനല്ല; രാഹുല്‍ ഗാന്ധിയാണ് – നൗഷാദ് മണ്ണിശ്ശേരി

പിണറായി ബാറ്റണ്‍ പിടിച്ചുവാങ്ങിയ
റിലേ താരത്തെ പോലെ : കെ.എന്‍.എ ഖാദര്‍

കാസര്‍കോട്: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്ന പേരില്‍ വിശ്വാസികള്‍ക്ക് നേരെ കടന്നു കയറുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ദുരുദ്ദേശ്യപരമാണെന്ന് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ബാറ്റണ്‍ പിടിച്ചുവാങ്ങിയ റിലേ താരത്തെ പോലെയാണ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പിണറായി വിജയന്റെ നീക്കങ്ങള്‍. നായന്മാര്‍ മൂലയില്‍ യുവജന യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ വിശ്വാസ വൈകല്യമുള്ളവരും അവിശ്വാസികളുമാണ് പ്രശ്‌നം വഷളാക്കുന്നത്. വിശ്വാസികള്‍ക്ക് ഇക്കാര്യത്തിലൊന്നും ആശയക്കുഴപ്പമില്ല. മുസ്്‌ലിംലീഗും യു.ഡി.എഫും വിശ്വാസികള്‍ക്ക് ഒപ്പമാണ് നിലകൊള്ളുന്നത്.
വിശ്വാസികളല്ലാതെ ജീവിക്കാനുള്ളതുപോലെ വിശ്വാസികള്‍ക്ക് ആചാര അനുഷ്ടാനങ്ങളോടെ കഴിയാനും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. വിശ്വാസികളുടെ ക്ഷേത്രങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അവിശ്വാസികളുടെ ഭരണകൂടങ്ങള്‍ മിതത്വം പാലിക്കണമെന്നും കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടു.

ശാസ്ത്രീയം, ചടുലം, മാതൃകാപരം

ചെറിയ ജാഥ കടന്നു പോകുമ്പോള്‍ പോലും ഗതാഗതക്കുരുക്കില്‍ ടൗണുകള്‍ വീര്‍പ്പ് മുട്ടുന്നത് പതിവു കാഴ്ച. എന്നാല്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ മഹാപ്രവാഹമായി നീങ്ങുന്ന യുവജന യാത്ര വേറിട്ട മാതൃകയാവുകയാണ്. തിരക്കേറിയ റോഡുകളില്‍ പോലും ഗതാഗത തടസ്സം സൃഷ്ടിക്കാതെയാണ് യാത്ര മുന്നേറുന്നത്. യാത്ര മാറിക്കൊടുത്ത് പോലും വാഹനങ്ങളെ കടത്തിവിടുന്ന കാഴ്ച പൊതുജനങ്ങളുടെയും പൊലീസ് അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റി. സമയക്രമം പാലിക്കുന്നതിലും സംഘാടകര്‍ വിജയിച്ചു. കൃത്യമായ ആസൂത്രണവും അതിനൊത്ത ക്രമീകരണവുമാണ് ജാഥയെ സ്വീകാര്യമാക്കുന്നത്. 25 അംഗ വൈറ്റ് ഗാര്‍ഡ് സ്‌പെഷ്യല്‍ വിംഗാണ് ജാഥ ക്രമീകരിക്കുന്നത്.

സമയക്രമം പാലിച്ച് മുന്നോട്ട്
ഉദ്ഘാടന വേദിയില്‍ കൃത്യസമയത്ത് തന്നെ പ്രഭാഷണമാരംഭിക്കുന്നു. പിന്നീട് ജാഥാ നായകര്‍ ഒന്നിച്ച് വേദിയിലേക്ക്. ഉദ്ഘാടന ചടങ്ങ് കഴിയും മുമ്പെ സി.പി.എ അസീസ് മാസ്റ്ററുടെയും ഇ .സാദിഖലിയുടെയും നേതൃത്വത്തില്‍ ജാഥയെ ക്രമീകരിച്ച് അണിനിരത്തും. ഏറ്റവും മുമ്പിലായി രണ്ട് അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍. ജാഥക്ക് തൊട്ടുമുമ്പിലുള്ള അനൗണ്‍സ്‌മെന്റ് വാഹനത്തിലൂടെ അംഗങ്ങള്‍ക്കുള്ള നിര്‍ദേശം. അതിന് പിറകിലായി ബാന്റ് വാദ്യം. ചടങ്ങിന് ശേഷം ജാഥാ നായകര്‍ ബാനറിന് പിന്നില്‍ അണിനിരക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥന. ബാന്റ് ടീം അംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കല്‍. ശേഷം ജാഥ തുടങ്ങും.
സ്വീകരണ കേന്ദ്രത്തില്‍ യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം. ശേഷം ഗാനവിരുന്ന്്. പിന്നെ പ്രമേയ പ്രഭാഷണം. അപ്പോഴേക്കും ആവേശത്തിരമാല തീര്‍ത്ത് ജാഥ കടന്നുവരും.

ആവേശം പകര്‍ന്ന് യുഡിഎഫ് നേതാക്കള്‍
യു.ഡി.എഫ് ഘടകക്ഷി നേതാക്കളുടെ സജീവ സാന്നിധ്യം ആവേശമായി. ഉദുമയില്‍ നിന്ന് ആരംഭിച്ചതു മുതല്‍ മൊഗ്രാല്‍ പുത്തൂര്‍, വിദ്യാനഗര്‍, പെരിയ, ബേക്കല്‍, പുതിയ നിരത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും എത്തി അഭിവാദ്യം അര്‍പ്പിച്ച് ജാഥാ നായകന് ഹാരാര്‍പ്പണം നടത്തി. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ ജാഥക്കൊപ്പം ജില്ലയിലുടനീളം സജീവമായി.