കീവ്: അനധികൃതമായി സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ചുവെന്ന് ആരോപിച്ച് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കപ്പലുകളിലെ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പ്രകോപനം കൂടാതെയാണ് റഷ്യന്‍ നടപടിയെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ ആരോപിച്ചു.
ക്രീമിയക്ക് സമീപമാണ് സംഭവം. സുദ്രാതിര്‍ത്തിയിലേക്ക് ഉക്രൈന്‍ കപ്പലുകള്‍ പ്രവേശിച്ചതുകൊണ്ടാണ് സംഘര്‍ഷമുണ്ടായതെന്ന് റഷ്യ ആരോപിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ റഷ്യ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലുകള്‍ പിടിച്ചെടുത്ത റഷ്യന്‍ നടപടിക്കെതിരെ ഉക്രൈനില്‍ ജനരോഷം പതഞ്ഞുയരുന്ന സഹാചര്യത്തില്‍ രാജ്യത്ത് 60 ദിവസത്തേക്ക് പട്ടാള നിയമം കൊണ്ടുവരാന്‍ ഉക്രൈന്‍ പാര്‍ലമെന്റില്‍ നീക്കം തുടങ്ങി.