തിരുവനന്തപുരം: മൂന്നാറിലെ കുരിശ്മാറ്റലിന് പിന്നില്‍ സഘ്പരിവാറെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനുപിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കംമുതലേ സംശയം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് ശരിയായെന്നും വാര്‍ത്തയില്‍ പറയുന്നു. ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ കയ്യിലെ ഉപകരണമാണ് റവന്യു ഉദ്യോഗസ്ഥനെന്ന് മൂന്നാറില്‍ നിന്നുതന്നെ ഉയരുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കയ്യേറ്റത്തെക്കുറിച്ചറിയാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാവുന്നതെന്നും കുമ്മനം രാജശേഖരനാണ് ഇതിനു പിന്നിലുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. കുരിശ് ജെസിബി കൊണ്ട് ഇടിച്ചു തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളേയും കൂട്ടിപ്പോയതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ദേശാഭിമാനി പറയുന്നു.
ഇന്നലെ രാവിലെയാണ് മൂന്നാറിലെ കുരിശ് ഇടിച്ചു തകര്‍ത്തത്. വൈകുന്നേരത്തൊടെ കുരിശ് മാറ്റിയതില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനവുമെത്തിയിരുന്നു. ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നും സര്‍ക്കാരറിയാതെയാണ് സംഭവം നടന്നതെന്നുമായിരുന്നു മുഖ്യമന്ത്രി കോട്ടയത്ത് സംസാരിച്ചത്. നടപടികളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചുനീക്കുന്നതിലല്ല, സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടത്. കുരിശില്‍ കൈ വെക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. സര്‍ക്കാര്‍ നടപടിയില്‍ ജാഗ്രകതക്കുറവുണ്ടായതായും ഇത്തരം നടപടികള്‍ക്ക് മുമ്പ് കൂടിയാലോചനകള്‍ വേണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരിശ് പൊളിച്ച് മാറ്റിയ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Be the first to write a comment.