kerala

മൂന്നാറില്‍ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ കേസ്: മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

By webdesk17

November 05, 2025

തൊടുപുഴ: മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ മൂന്നാറില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍, അനീഷ് എന്നീ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ജാന്‍വി തന്റെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയാണ് വിഷയത്തെ വലിയ ചര്‍ച്ചയാക്കിയതും തുടര്‍ന്ന് നടപടിയിലേക്ക് നയിച്ചതും. മൂന്നാറില്‍ തനിക്കും സുഹൃത്തുക്കള്‍ക്കും പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും, പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വീഡിയോയിലൂടെ ജാന്‍വി വിശദീകരിച്ചിരുന്നു.

സംഭവത്തില്‍ ബന്ധപ്പെട്ട മൂന്ന് ഡ്രൈവര്‍മാരെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മൂന്നാറില്‍ നിരോധനമുണ്ടെന്ന് പറഞ്ഞ് പ്രാദേശിക ടാക്‌സി യൂണിയന്‍ സംഘം യുവതിയെ തടഞ്ഞുവെച്ചതായാണ് പരാതി. ”പ്രാദേശിക ടാക്‌സി മാത്രമേ ഉപയോഗിക്കാവൂ” എന്ന ഭീഷണിയെത്തുടര്‍ന്ന് ജാന്‍വി പൊലീസിന്റെ സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരുടെ പക്ഷം എടുത്തുവെന്ന് വീഡിയോയില്‍ ആരോപിച്ചിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ സാജു പൗലോസിനെയും ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യനെയും പൊലീസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജാന്‍വി സുഹൃത്തുക്കളുമായി ഓണ്‍ലൈന്‍ ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച് മൂന്നാറിലെത്തിയപ്പോഴാണ് സംഭവം നടന്നത്. അന്വേഷണം തുടരുകയാണെന്നും, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.