തിരുവനന്തപുരം: മുന്നാറിലെ കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കരുതെന്ന് റവന്യുമന്ത്രിയുടെ നിര്‍ദേശം മറികടന്ന് റവന്യുസെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ റവന്യുമന്ത്രിയുടെ നിര്‍ദേശം മറികടന്നുള്ള യോഗം ബഹിഷക്കരിക്കാന്‍ ചൊവ്വാഴ്ച്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്.

മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ 22 സെന്റ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കാന്‍ റവന്യുവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് കൊണ്ട് മൂന്നാറില്‍ നിന്നുള്ള വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം.

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനോട് ഉന്നതതല യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു കയ്യേറ്റക്കാരന് വേണ്ടി യോഗം വിളിക്കുന്നത് ശരിയല്ലന്നും അതിന്റെ ആവിശ്യമില്ലന്നുമുള്ള നിലപാടിലായിരുന്നു റവന്യുമന്ത്രി. റവന്യുമന്ത്രിയുടെ ഈ നിലപാടിനെ മറികടന്നാണ് ഇപ്പോള്‍ ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചിരുക്കുന്നത്.