തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഒന്നാം സാക്ഷി സുരേഷ് കൂറുമാറി. കേസിലെ പ്രതികളെ ഓര്‍മയില്ലെന്ന് സുരേഷ് വിസ്താരവേളയില്‍ കോടതിയില്‍ മൊഴി നല്‍കി. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്. സി.ബി.ഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനം മൂലമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത് എന്ന് മാപ്പുസാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു.
കേസില്‍ അഞ്ചാം സാക്ഷിയായിരുന്ന തങ്കമണിയുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം തങ്കമണിയെ വിസ്തരിച്ചപ്പോള്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷിമൊഴി നല്‍കിയിരുന്നു. മുന്‍ സി.ഐ ഇ.കെ സാബു, എസ്.ഐ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ മുന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ തങ്കമണി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍താങ്ങി കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥരാണെന്നും സ്റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു മൊഴി. ഇതിന് പിന്നാലെയാണ് പ്രധാന സാക്ഷിയായ സുരേഷിനെ വിസ്തരിച്ചത്.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് 2005 സെപ്തംബറില്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടത്. 2005 സെപ്തംബര്‍ 27നാണ് ഉദയകുമാറിനെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍വച്ച് ഇ.കെ സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ വെച്ച് ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.
ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ഉദയകുമാറിന്റെ മൃതദേഹമാണ് ആസ്പത്രിയില്‍ കൊണ്ടുപോയതെന്ന് സാക്ഷിയായ മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സുരേന്ദ്രനും മൊഴിനല്‍കിയിരുന്നു. ഉദയകുമാറിന്റെ ശരീരം തണുത്ത് മരവിച്ചിരുന്നു. തുടഭാഗത്ത് മുറിവുകള്‍ കണ്ടെന്നും സാക്ഷി പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണക്കിടെ അറിയിച്ചിരുന്നു. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്.