പാലക്കാട്: പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്റെ ഭാര്യക്കു ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കാണപ്പെട്ടത്. അതേസമയം പ്രേമകുമാരിയുടെ മൃതദേഹം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു.
ആലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തോലന്നൂരില്‍ ഇന്നലെ രാത്രിയോടെയാണ് ദാരുണമായ സംഭവം. പുലര്‍ച്ചെയോടെ സമീപവാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. വിരലടയാള വിദഗ്ധരടക്കം അന്വേഷണസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
തന്റെ ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ വധഭീഷണി സംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് പ്രാഥമികവിവരം.