ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീയെ ഭര്‍ത്താവിനെ കൊണ്ട് ചെരുപ്പ് കൊണ്ട് നിര്‍ബന്ധിച്ച് മര്‍ദ്ദിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. മര്‍ദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു.
കുടുംബത്തെ മര്‍ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ ഇവര്‍ മര്‍ദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. ദേശീയ നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.