റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ പ്രധിനിധി സംഘം ഐക്യരാഷ്ട്രസഭ ഹൈകമ്മിഷണറെ കണ്ടു. ന്യൂഡല്‍ഹിയിലെ ഐക്യരാഷ്ട്രസഭാ കാര്യാലയത്തില്‍ എസുക്കോ ഷിമിസുവുമായണ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. ശേഷം, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ അംബുജാ ശര്‍മ്മയെയും റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിച്ചു.

അഭയാര്‍ത്ഥി ക്ഷേമത്തിന് ചുമതലയുള്ള ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യയിലെ ഹൈകമ്മീഷണറാണ് എസുകോ ഷിമിസു. അഭയാര്‍ത്ഥി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രധിനിധി സംഘം രേഖാമൂലം കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. ഉന്നയിച്ച ആവിശ്യങ്ങളോട് തുറന്ന മനസ്സോടെയാണ് യു.എന്‍. അധികൃതര്‍ പ്രതികരിച്ചത്. മതിയായ രേഖകളില്ലാതെ തീര്‍ത്തും അരക്ഷിതരായി കഴിയുന്ന റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുമെന്ന് ഹൈകമ്മീഷണര്‍ പറഞ്ഞു.
അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മാനുഷിക താല്‍പര്യമെടുത്ത് പരിഹാരം ആരാഞ്ഞെത്തിയ മുസ്‌ലിംലീഗ് പ്രധിനിധി സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. റോഹിന്‍ഗ്യകളോടുള്ള വംശീയ കൂട്ടക്കുരുതിക്കെതിരെ മുസ്‌ലിം ലീഗ് നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് യുഎന്‍ ഹൈകമ്മിഷണറെ നേതാക്കള്‍ നേരിട്ട് കണ്ടത്.

ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, സി.പി ബാവ ഹാജി, മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് വി.കെ ഫൈസല്‍ ബാബു, സെക്രട്ടറി മുഫ്തി സഈദ് ആലം, അഡ്വ.പി.എം മര്‍സൂഖ് ബാഫഖി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പട്ടാള ഭീകരക്കെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ മ്യാന്‍മര്‍ എംബസിയിലേക്ക് മുസ്‌ലിംലീഗ് മാര്‍ച്ച് നടത്തിയിരുന്നു.