മലപ്പുറം: കോവിഡ് 19 ചികിത്സാ സൗകര്യമൊരുക്കാൻ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ 10 കോടി രൂപയുടെ ഉപകരണങ്ങൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകാൻ തീരുമാനം. മുസ്ലിംലീഗിന്റെ സഹായം അഭ്യർത്ഥിച്ച് മലപ്പുറം ജില്ലയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ ലിസ്റ്റും അതിന് ആവശ്യമായി വരുന്ന തുകയും വിശദീകരിച്ചു കൊണ്ടുള്ള പട്ടിക ജില്ലാ കലക്ടർ നേരത്തെ നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിലെ എം.എൽ.എമാരും ജനപ്രതിനിധികളും ഓൺലൈനിൽ യോഗം ചേർന്നാണ് 10 കോടി നൽകാൻ തീരുമാനിച്ചത്. ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
‘അതിജീവനം- കോവിഡ് മോചനത്തിന് മുസ്ലിംലീഗ് കൈത്താങ്ങ്’ എന്ന ശീർഷകത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പത്തു ദിവസത്തെ ഈ കാമ്പയിൻ സമയം ഫണ്ട് ശേഖരണത്തിനു വേണ്ടി ഉപയോഗിക്കും. കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക ഘടകങ്ങളുടെ സഹായവും തേടും. സഹായത്തിന്റെ ആദ്യഘഡു വിതരണം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമർ എം.എൽ.എ തുടങ്ങിയവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.