നമ്മുടെ രാഷ്ട്രവും സംസ്ഥാനവും അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതിന്റെ ഫാഷിസ്റ്റ്-വര്‍ഗീയ-ഏകാധിപത്യ-വലതുപക്ഷ നയങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണെന്നും കോഴിക്കോട് ലീഗ് ഹൗസില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും മാത്രമല്ല ഭരണഘടന പോലും കടുത്ത വെല്ലുവിളികള്‍ക്കു നടുവിലാണ്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍, ദളിതര്‍, പിന്നോക്കക്കാര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്കെതിരായ വിവേചനവും പീഡനങ്ങളും അഭംഗുരം തുടരുകയാണ്.
ആയുധ ധാരികളായ ആള്‍ക്കൂട്ടങ്ങള്‍ അഴിഞ്ഞാടുകയാണ്. ഈയിടെ പാസ്സാക്കിയ പൗരത്വനിയമം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്ത മുസ്‌ലിംകള്‍ ഒഴികെ സകലമതസ്ഥര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. മതപരമായ കാരണങ്ങളാല്‍ മാത്രം ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തിയതിന് യാതൊരു ന്യായികരണവുമില്ല. എന്തുകൊണ്ട് മുസ്‌ലിംകള്‍ക്ക് മാത്രം പ്രസ്തുത ആനുകൂല്യം നിഷേധിക്കുന്നുവെന്ന വിവേകമതികളുടെ ചോദ്യം ഭരണകൂടത്തിന്റെ ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചതെന്നും പ്രമേയം കുറ്റപ്പെടുത്തി.
മുത്തലാഖ് ബില്ലിന്റെ കാര്യം വന്നപ്പോള്‍ ഈ വിവാഹ മോചനപ്രക്രിയ ഒരു ക്രിമിനല്‍ കുറ്റമായി കണ്ട് ബന്ധപ്പെട്ടവരെ തടവറയിലിടാനാണ് നിയമമുണ്ടാക്കിയത്. മുസ്‌ലിംവിവാഹം ഒരു സിവില്‍ കോണ്‍ട്രാക്ട് ആയിരിക്കെ അതിന്റെ ലംഘനവും സിവില്‍ നിയമപരിധിയിലാണ് ന്യായമായും വരേണ്ടത്. എങ്കിലും ഒരു പ്രതികാരമനോഭാവമാണ് മുത്തലാഖില്‍ പ്രകടമായത്.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള നിയമവും തകൃതിയായി പാസ്സാക്കാനാണ് കേന്ദ്രം മുതിര്‍ന്നത്. സംവരണമെന്ന ഭരണഘടനാപരമായ അവകാശം സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ നിന്നും ചില അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് മോചനം നല്‍കുവാനും അവരെ ജീവിതത്തിന്റെ പൊതുധാരയില്‍ കൊണ്ടുവരാനും മാത്രം ഉള്ളതാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുളള ഒരു മാര്‍ഗമായി അതിനെ വ്യാഖ്യാനിക്കാവതല്ലെന്ന് ഭരണ ഘടന വായിച്ചാല്‍ തന്നെ വ്യക്തമാണ്.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ നടത്തുവാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ആരെയും ജാതി നോക്കാതെ സഹായിക്കുവാന്‍ സര്‍ക്കാരിനു പദ്ധതികള്‍ നിലവിലുണ്ട്. ഇനിയും മികച്ച പുത്തന്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന നടപടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിന് യാതൊരു തടസ്സവും ഇപ്പോഴില്ല അങ്ങിനെയിരിക്കെ സംവരണത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിച്ച് സാമ്പത്തിക സംവരണമാക്കി കാര്യങ്ങളെ തലകീഴായി നിന്നു കാണുകയാണ് മോദി ചെയ്തത്.
പണ്ടേ സാമ്പത്തിക സംവരണത്തിനു വാദിക്കുന്ന മാര്‍ക്‌സിസ്റ്റുകളും അതിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് ആദായ നികുതി ഈടാക്കുന്ന കേന്ദ്രം എട്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സാമ്പത്തിക സംവരണാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇത്രയും ബുദ്ധിശൂന്യമായ ഒരുനടപടി അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
മുന്നോക്ക സമുദായങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഈ പുതിയ നിയമത്തില്‍ കാര്യമായ പ്രയോജനം കിട്ടാന്‍ സാധ്യതയില്ല. ഇത് വെറും തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഒന്നാണ്. അതേ സമയം ഇപ്പോള്‍ സംവണത്തിന്റെ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങളിലെയും പിന്നോക്കക്കാര്‍ക്ക് മാത്രം മതി സംവരണമെന്ന നിലയിലേക്ക് ഭാവിയില്‍ കാര്യങ്ങള്‍ എത്തിച്ചേരാനും സാധ്യത തെളിഞ്ഞിരിക്കുന്നു.
ജുഡീഷറി യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, യു.ജി.സി, സി.ബി.ഐ, ആര്‍.ബി.ഐ തുടങ്ങിയ കേന്ദ്രതല സ്ഥാപനങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്താനും അവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റാനും നടത്തുന്ന ശ്രമങ്ങള്‍ ദിവസവും മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നതായും പ്രമേയം വിലയിരുത്തി.
കേരള സര്‍ക്കാര്‍ 21-12-2018 ലെ ഒരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ കൊണ്ടുവന്ന ശരീഅത്ത് നിയമത്തിനുള്ള ചട്ടങ്ങള്‍ ഭയാനകമായിരുന്നു. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള സുമാര്‍ 90 ലക്ഷത്തോളം മുസ്‌ലിംകള്‍ മുഴുവന്‍ തങ്ങള്‍ മുസ്‌ലിംകളാണെന്ന സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍മാരില്‍ നിന്ന് വാങ്ങണമെന്നായിരുന്നു പുതിയ ചട്ടം. 100 രൂപ ഫീസും 50 രൂപ മുദ്രക്കടലാസ്സും നോട്ടറി അറ്റസ്റ്റേഷനും മുസ്‌ലിംമാണെന്ന് തെളിയിക്കുന്ന മറ്റു രേഖകളും ഹാജരാക്കി ഫോറം ഒന്നില്‍ ഡിക്ലറേഷന്‍ നല്‍കണമെന്നാണ് പിണറായി കേരള മുസ്‌ലിംകളോട് കല്‍പിച്ചത്.
ആയത് റദ്ദാക്കുവാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിറകോട്ട് പോകുകയാണ് ചെയ്തത്. അറിഞ്ഞായാലും അറിയാതെയായാലും മോദിയെക്കാള്‍ ക്രൂരതയാണ് പിണറായി സര്‍ക്കാര്‍ കാണിച്ചത്. അറിഞ്ഞാണെങ്കില്‍ മുസ്‌ലിം സമുദായത്തോടുള്ള അടങ്ങാത്ത പകയായി ഇതിനെ കാണാം. അറിയാതെയാണെങ്കില്‍ ഇത്ര ശുഷ്‌കാന്തിയില്ലാത്ത ഒരു സര്‍ക്കാറിനെ കേരളം കണ്ടിട്ടില്ലെന്നും പറയാം. 1937 ലെ ഇസ്‌ലാമിക ശരീഅത്ത് നിയമം ചട്ടങ്ങളില്ലാതെ 81 വര്‍ഷം ഈ സംസ്ഥാനത്തും സുഖമായി നിലനില്‍ക്കുകയാണ്. പുതുതായി ഇസ്‌ലാംമതം സ്വീകരിക്കുന്ന ആര്‍ക്കും 1937 ലെ ഇസ്‌ലാമിക ശരീഅത്ത് നിയമം ബാധകമാക്കാന്‍ പരിവര്‍ത്തനത്തിന് കാര്‍മ്മികത്വം വഹിക്കുന്ന സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റും സ്വയം നടത്തുന്ന ഗസറ്റ് വിജ്ഞാപനവും മാത്രം മതിയെന്ന വ്യവസ്ഥയാണ് വേണ്ടത്.
ശബരിമല വിഷയം വന്നപ്പോഴും പൊതുവെ വിശ്വാസികളെ കഷ്ടപ്പെടുത്തുന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. സുപ്രീം കോടതി ആകെ ചെയ്തത് സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കുക മാത്രമാണ്. പിണറായി സര്‍ക്കാരാകട്ടെ ശക്തമായ പൊലീസ് സംവിധാനം ദുരുപയോഗം ചെയ്ത് ബലപ്രയോഗത്തിലൂടെയെങ്കിലും ഏതാനും സ്ത്രീകളെ മലകയറ്റുമെന്ന ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്. തല്‍ഫലമായി സംഘപരിവാര്‍ ശക്തികളുടെ കയ്യില്‍ ആയുധം നല്‍കുവാനും അവരുടെ രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കുവാനും പിണറായി കൂട്ടു നില്‍ക്കുന്നതാണ് പിന്നെ കണ്ടതും. പൊതുവെ വിശ്വാസ സമൂഹത്തെ ഒന്നടങ്കം ഈ സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചു.
മഹാദുരന്തമായി വന്ന പ്രളയക്കാലത്തും ശക്തി പ്രാപിച്ച ജനങ്ങളുടെ ഐക്യവും മത സൗഹാര്‍ദവും തല്ലിത്തകര്‍ക്കുന്ന തരത്തില്‍ ഇടതുപക്ഷക്കാര്‍ ആവിഷ്‌കരിച്ച വനിതാമതില്‍ വെറും വര്‍ഗീയ മതിലായിമാറി. നവോത്ഥാനത്തിന്റെ പേരില്‍ കെട്ടഴിച്ചുവിട്ട വെറും രാഷ്ട്രീയ പ്രചരണ പരിപാടിയായി മതില്‍ മാറി. സര്‍ക്കാരിന്റെ ചെലവില്‍ നടത്തിയ ഈ മാമാങ്കം നവോത്ഥാന സങ്കല്‍പം പോലും വികലമാക്കി. കേരളീയരായ മുഴുവന്‍ ജനങ്ങളോടും ഒപ്പം നിന്ന് സകലരും അംഗീകരിക്കപ്പെട്ട പ്രമുഖ നേതാക്കള്‍ ജാതിമത ചിന്തകള്‍ക്കതീതമായി നടത്തിയ നവോത്ഥാന സംരംഭങ്ങളുടെ സ്മരണ കേവല രാഷ്ട്രീയ പ്രഹേളികയാക്കി ഈ സര്‍ക്കാര്‍ മാറ്റുകയാണ് ചെയ്തത്.
കേരളത്തിന്റെ മഹത്തായ പാരമ്പര്യവും ഐക്യവും, മതേതര, ജനാധിപത്യമൂല്യങ്ങളും ബഹുസ്വരതയും സാമൂഹ്യ നീതിയുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ധിക്കാരവും മര്‍ക്കടമുഷ്ടിയും കാരണം അവതാളത്തിലായി കഴിഞ്ഞു. ഏകസിവില്‍ കോഡ്, ഇസ്‌ലാമിക ശരീഅത്ത്, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് ഒരേ നിലപാടാണെന്നത് യാദൃശ്ചികമല്ല. ക്രമാതീതമായ വിലക്കയറ്റവും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും, സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും, കര്‍ഷകരുടെ ദുരിതങ്ങളും ക്രമസമാധാന തകര്‍ച്ചയും ഈ രണ്ടു സര്‍ക്കാരുകളുടെയും ഭരണത്തിന്റെ സംഭാവനയാണ്.
നോട്ടു നിരോധനവും ബാങ്കുകളുടെ ലയനവും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് ഇന്ത്യയെ പൂര്‍ണ്ണമായി അടിയറവെച്ച നിലപാടുകളും നമ്മെ വളരെയേറെ പിറകോട്ടു നയിച്ചിരിക്കുന്നു. ഈ സാഹചര്യങ്ങളെ അതിജീവിക്കുവാനും മതേതര ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കുവാനും ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പുവരുത്തുവാനും ഭരണ ഘടനയും ദേശീയമായ പൈതൃകങ്ങളും പരമ്പരാഗത ജീവിത മൂല്യങ്ങളും ഉയര്‍ത്തിപിടിക്കുവാനും ദേശീയ തലത്തില്‍ വിശാലമായ ഒരു സഖ്യം രൂപപ്പെട്ടുവരികയാണ്.
കേന്ദ്രത്തിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന ജനവിരുദ്ധ ഭരണ രീതികള്‍ക്കും അറുതിവരുത്തുവാന്‍ മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. സമാന മനസ്‌കരോട് ചേര്‍ന്ന് അതിനായി ശക്തമായ പോരാട്ടങ്ങള്‍ക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കുന്നതാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം ഇതിനായി മുസ്‌ലിംലീഗ് പ്രതീക്ഷിക്കുകയാണ്.