മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ കാണും.
ദൂരപരിധിയുടെ സാങ്കേതിക പ്രശ്‌നം പറഞ്ഞ് മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടിയാല്‍ അത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്നതടക്കമുള്ള സാഹചര്യങ്ങള്‍ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തും. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം പുനരാരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസിലെത്തി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ വീണ്ടും ചാര്‍ജെടുത്തെങ്കിലും നിലവില്‍ കോഴിക്കോട് ഓഫീസിന്റെ ഫയല്‍ നമ്പറിലാണ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നാമമാത്രമായ സേവനങ്ങള്‍ മാത്രമാണ് ഇപ്പോഴും പഴയ പാസ്‌പോര്‍ട്ട് ഓഫീസില്‍ ആരംഭിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് കുഞ്ഞാലിക്കുട്ടി പാസ്‌പോര്‍ട്ട് ഓഫീസറുമായി ചര്‍ച്ച നടത്തിയത്. സ്വന്തം കെട്ടിടം സ്ഥാപിക്കുന്നതിന് കലക്ടറേറ്റില്‍ 25 സെന്റ് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഊര്‍ജിത ശ്രമം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി എം.പി പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു. സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ലാന്റ് റവന്യൂ കമ്മീഷണറുടെ മുമ്പിലുള്ള ഫയലില്‍ ഉടന്‍ അനുകൂല തീരുമാനം കൈക്കൊള്ളാന്‍ ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ എം.പി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ഇക്കാര്യങ്ങള്‍ ഇന്ന് വിദേശ കാര്യ മന്ത്രിയെ കാണുമ്പോള്‍ അറിയിക്കുമെന്നും പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥലം വിട്ടുകിട്ടിയാല്‍ കെട്ടിട നിര്‍മാണത്തിനായി ഒരു കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് പി ഉബൈദുല്ല എം.എല്‍.എ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
29-11-2017ന് ഡെപ്യുട്ടി പാസ്‌പോര്‍ട്ട് ഓഫീസര്‍ സാഹിബ് സിംഗ് ന്യുഡല്‍ഹി ഓഫീസില്‍ നിന്നു ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നവംബര്‍ 30 മുതല്‍ കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ചിരുന്നു. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്ന് ഡിസംബര്‍ അഞ്ചിന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതേ തുടര്‍ന്നാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ണ തോതിലായിട്ടില്ല. ഭാവി സംബന്ധിച്ച അനിശ്ചിതത്വവും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്്‌ലിംലീഗ് എം.പിമാര്‍ വിദേശകാര്യ മന്ത്രിയെ കാണുന്നത്.
മലപ്പുറം പാസ്‌പോര്‍ട്ട് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി അഡ്വ. പി.എ റഷീദ് മുഖേന നേരത്തെ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കൂടാതെ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടേയും ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫിന്റേയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ ‘സേവ് പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറം’ സോഷ്യല്‍ മീഡിയ കാമ്പയിനും വലിയ ചലനം സൃഷ്ടിച്ചു.