അഞ്ചുവർഷത്തോടടുക്കുന്ന ഇടതുസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യുവജന കുറ്റപത്രവുമായി മുസ്്‌ലിം യൂത്ത് ലീഗ് പദയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി അവസാന വാരം നിയോജകമണ്ഡലം തലങ്ങളിലാണ് പദയാത്ര നടത്തുന്നത്.

ഇടതു സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട, ഭരണത്തിന്റെ തണലിൽ നടത്തിയ അഴിമതികൾ, മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ആരോപണവിധേയമായ സ്വർണ്ണക്കടത്ത്, പാർട്ടിയിലെ ഉന്നതരുടെ ബന്ധുക്കളടക്കം ജയിലഴിക്കുള്ളിലായ മയക്കുമരുന്ന് കേസ്, വിവിധ വകുപ്പുകളിൽ നടന്ന പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവ പദയാത്രയിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കും.

പിണറായി സർക്കാരിന്റെ ഭരണത്തിൽ നടന്ന സ്വജനപക്ഷപാത, ജനവിരുദ്ധ നടപടികൾ പദയാത്രയിൽ വിശദമായി ചർച്ച ചെയ്യപ്പെടും. പരിപാടി വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ അനധികൃത നിയമനമടക്കം ഇടതു സർക്കാർ നടത്തിയ നിരവധി നിയമവിരുദ്ധ നടപടികൾക്കെതിരെ മുസ്്‌ലിം യൂത്ത് ലീഗ് ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. ഐതിഹാസികമായ ആ സമരങ്ങളുടെ തുടർച്ചയാണ് ഫെബ്രുവരിയിലെ പദയാത്രയും.